Your Image Description Your Image Description

ഇന്ത്യയില്‍ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിച്ചാല്‍ അത് അമേരിക്കയോട് ചെയ്യുന്ന ‘അന്യായമായിരിക്കുമെന്ന്’ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസില്‍ ഇലോണ്‍ മസ്‌കുമായി നടത്തിയ സംയുക്ത അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന വന്നത്. ഇന്ത്യയില്‍ മസ്‌കിന് കാറുകള്‍ വില്‍ക്കുന്നത് ‘അസാധ്യമാണ്’ എന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു.

‘ലോകത്തിലെ എല്ലാ രാജ്യങ്ങളും നമ്മളെ മുതലെടുക്കുകയാണെന്നും അവര്‍ അമേരിക്കയ്ക്ക് എതിരെ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുകയാണെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ ഒരു കാര്‍ വില്‍ക്കുക അസാധ്യമാണെന്ന് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍, ഇന്ത്യയുടെ ഉയര്‍ന്ന കാര്‍ താരിഫുകളെ ട്രംപ് വിമര്‍ശിച്ചു. എന്നിരുന്നാലും, ഉഭയകക്ഷി യോഗത്തില്‍ തങ്ങളുടെ താരിഫ് തര്‍ക്കം പരിഹരിക്കുന്നതിനായി ഒരു വ്യാപാര കരാറില്‍ പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും സമ്മതിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി തീരുവകളെ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ പ്രാദേശിക കാര്‍ നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്നതിനാണ് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നതെന്നാണ് മസ്‌ക് അന്ന് ചൂണ്ടിക്കാണിച്ചത്. മാത്രമല്ല, ഇന്ത്യയിലെ ഇവി വിപണി വളര്‍ന്നു വരുന്ന ഘട്ടത്തിലാണെന്നും മസ്‌ക് അന്ന് എടുത്ത് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു പുതിയ ഇലക്ട്രിക് വാഹന നയം അവതരിപ്പിച്ചു, കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഒരു ഫാക്ടറി നിര്‍മ്മിക്കുന്ന കാര്‍ നിര്‍മ്മാതാക്കള്‍ക്കുള്ള ഇറക്കുമതി നികുതി 15 ശതമാനമായി കുറച്ചു. ഇതോടെ, ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി അഭ്യൂഹങ്ങളുണ്ട്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ ന്യൂഡല്‍ഹിയിലും മുംബൈയിലും ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *