Your Image Description Your Image Description

തിരുവില്വാമല : പാമ്പാടി-ലക്കിടി റെയിൽവേ ഗേറ്റ് തുറക്കുന്നതും കാത്ത് വാഹനങ്ങൾ നിരനിരയായി കിടക്കുന്നത് പതിവുകാഴ്ചയാണ്.

ഏതെങ്കിലും ഒരു ട്രെയിൻ വരാൻ വൈകിയാൽപ്പിന്നെ വാഹനപ്പെരുപ്പത്തിന്റെ കാര്യം പറയുകയും വേണ്ട. തീവണ്ടികളുടെ സമയം നോക്കിമാത്രം പാലക്കാട് ഭാഗത്തേക്കും തിരിച്ച് തൃശ്ശൂർ ഭാഗത്തേക്കും സഞ്ചരിക്കേണ്ട യാത്രക്കാരുടെ അവസ്ഥയ്ക്ക് എന്നാണ് പരിഹാരമാകുകയെന്ന് ഇപ്പോഴും ഒരുപിടിയുമില്ല. തൃശ്ശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തിയിലൂടെയുള്ള പാലക്കാട്-ഷൊർണൂർ തീവണ്ടിപ്പാതയിലാണ് ഈ റെയിൽവേ ഗേറ്റ്.

ഓരോ തവണയും കേന്ദ്ര-സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ വരുമ്പോഴും തിരുവില്വാമലക്കാർക്കും ലക്കിടിക്കാർക്കും പ്രതീക്ഷയാണ്. 2020-ലെ ബജറ്റിൽ 20 കോടി രൂപയുടെ പദ്ധതി മേൽപ്പാലത്തിനായി ഉൾപ്പെടുത്തിയിരുന്നു. പാമ്പാടി-ലക്കിടി റെയിൽവേ മേൽപ്പാലം നിർമാണത്തിനുള്ള സർവേ നടപടികൾ കഴിഞ്ഞ ഫെബ്രുവരി 26-ന് ആരംഭിച്ചിരുന്നു. പ്രാഥമിക പഠനത്തിനായി സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വകയിരുത്തിയതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിക്കുകയും ചെയ്തു. പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് കൈമാറി. ഭീമമായ തുക വേണ്ടിവരുന്ന പദ്ധതിയായതിനാൽ കിഫ്ബി ഫണ്ടിലൂടെ പണം കണ്ടെത്താനാണ് ശ്രമം. അംഗീകാരം കിട്ടി ഫണ്ട് അനുവദിക്കുന്നതോടെ ഡി.പി.ആർ. പൂർത്തിയാക്കി പാലം നിർമാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

 

Leave a Reply

Your email address will not be published. Required fields are marked *