Your Image Description Your Image Description

തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയേയും സിപിഐയേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ നിലപാടില്ലാത്ത പാർട്ടിയായി മാറിയെന്നും ബ്രൂവറി വിഷയത്തിൽ എംഎൻ സ്മാരകത്തിൽ തന്നെ പോയി സിപിഐയെ അപമാനിക്കുന്ന സാഹചര്യമുണ്ടായെന്നും വി ഡി സതീശൻ പറഞ്ഞു. എലപ്പുള്ളിയിൽ ഒരു കാരണവശാലും ബ്രൂവറി അനുവദിക്കാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സാധാരണ സിപിഐയെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അപമാനിച്ചിരുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. എന്നാൽ, ബ്രുവറി വിഷയത്തിൽ എംഎൻ സ്മാരകത്തിൽ തന്നെ പോയി സിപിഐയെ അപമാനിക്കുന്ന സാഹചര്യമാണുണ്ടായത്. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറി. സിപിഐ ആസ്ഥാനത്ത് പോയി സിപിഐ നിലപാടിനെതിരായ തീരുമാനമാണ് മുഖ്യമന്ത്രി അടിച്ചേൽപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് എലപ്പുള്ളിയെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. മലമ്പുഴ ഡാമിൽ ആവശ്യത്തിന് വെള്ളമില്ല. കോക്കോകോള കമ്പനിയേക്കാൾ വെള്ളം ബ്രൂവറിക്ക് ആവശ്യമായി വരും. ഒയാസിസ് കമ്പനി വന്ന വഴി സുതാര്യമല്ലെന്നും അഴിമതിയിലൂടെയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂ​ഗർഭജലം മലിനമാക്കിയതിന് കുറ്റവാളിയായി നിൽക്കുന്ന കമ്പനിയാണ് ഒയാസിസെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ബ്രുവറി വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കാണല്ലോ ബ്രൂവറി കൊണ്ടുവരണം എന്ന് നിർബന്ധമെന്നും അപ്പോൾ മുഖ്യമന്ത്രിയുമായി സംവാദം ആകാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി സംവാദത്തിന് സന്തോഷമേയുള്ളു. സ്ഥലവും തീയതിയും ​ഗവൺമെന്റ് തീരുമാനിച്ചാൽ മതിയെന്നും വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *