Your Image Description Your Image Description

മഹാകുംഭമേളയിൽ സാധനങ്ങളും സേവനങ്ങളും വഴി മൂന്ന് ലക്ഷം കോടിയിലധികം ബിസിനസ്സ് നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിപാടികളിലൊന്നായി മഹാകുംഭമേള മാറിയിരിക്കുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

ഡയറികൾ, കലണ്ടറുകൾ, ചണ ബാഗുകൾ, സ്റ്റേഷനറി തുടങ്ങി മഹാകുംഭ പ്രമേയമായുള്ള ഉൽപ്പന്നങ്ങളുടെ ആവശ്യകത കുതിച്ചുയർന്നതോടെ മഹാകുംഭമേള പ്രാദേശിക വ്യാപാരത്തെയും കൂടുതൽ കരുത്തുള്ളതാക്കി . സൂക്ഷ്മമായ ബ്രാൻഡിംഗ് കാരണം വിൽപ്പന വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്. മഹാകുംഭമേള ആരംഭിക്കുന്നതിന് മുമ്പ്, പ്രാരംഭ കണക്കുകൾ പ്രകാരം 40 കോടി പേർ വരുമെന്നും , ഏകദേശം 2 ലക്ഷം കോടി രൂപയുടെ ബിസിനസ് ഇടപാടുകളും ഉണ്ടാകുമെന്നാണ് ഖണ്ഡേൽവാൾ പറഞ്ഞിരുന്നത് . എന്നാൽ ഇപ്പോൾ 50 കോടിയിലേറെ പേരാണ് കുംഭമേളയ്‌ക്കെത്തിയത് .
വരുമാനവും മൂന്ന് ലക്ഷം കോടിയിലധികമായി.

ഫെബ്രുവരി 26 ഓടെ ഏകദേശം 60 കോടി ആളുകൾ മേളയിൽ എത്തുമെന്നും , വരുമാനം നാല് ലക്ഷം കോടിയ്‌ക്ക് മുകളിൽ പോകുമെന്നുമാണ് സൂചന . ഇത് ഉത്തർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഗണ്യമായ ഉത്തേജനം നൽകുകയും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 150 കിലോമീറ്റർ ചുറ്റളവിലുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഗണ്യമായ ബിസിനസ്സ് കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. കൂടാതെ, അയോധ്യ, വാരണാസി, മറ്റ് മത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഗംഗയിൽ കുളിച്ചാൽ ദാരിദ്ര്യം മാറുമോയെന്ന് ചോദിച്ച കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കുള്ള മറുപടി കൂടിയാണിത് .മേളയിൽ കുളിച്ചാൽ ദാരിദ്ര്യം മാറുമെന്ന് മാത്രമല്ല സമ്പാദ്യം കൂടുമെന്നും ഉള്ളതിന് തെളിവാണ് പുതിയ റിപ്പോർട്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന ദിവസമായിരുന്നു, ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകുമോ? നിങ്ങൾക്ക് ഭക്ഷണം കിട്ടുമോ? എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചത് . പൊതുവേദിയിൽ വച്ച് മഹാകുംഭമേളയെ പരസ്യമായി അപമാനിക്കുകയിരുന്നു അദ്ദേഹം. എന്നാൽ ഇത് കേട്ടുനിന്ന ജനങ്ങൾ ഖാർഗെക്ക് നേരെ തിരിഞ്ഞതോടെ മല്ലികാർജുൻ ഖാർഗെ അവസാനം മാപ്പ് പറഞ്ഞിരുന്നു. മദ്ധ്യപ്രദേശിലെ മോവിൽ ‘നടന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലിയിലാണ് ​ ഖാർഗെയുടെ ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടന്നത് .
അതേസമയം, മഹാകുംഭമേള അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഭക്തകോടികൾ പ്രയാഗ്‌രാജിലേക്ക് ഒഴുകുന്നു.

തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം 36 ദിവസങ്ങൾക്കുള്ളിൽ 54 കോടി ആളുകളാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നിർവഹിച്ചത്. ആചാരപരമായ ചടങ്ങുകളിൽ 13.5 കോടി ഭക്തരും പങ്കെടുത്തിട്ടുണ്ട്. 45 ദിവസത്തെ കുംഭമേള അവസാന ഘട്ടത്തിലേക്ക് അടുത്തതോടെ റെയിൽവേ സ്‌റ്റേഷനിലും മറ്റും തീർത്ഥാടകരുടെ തിരക്ക് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. സിആർപിഎഫ് ഡയറക്ടർ ജനറൽ ജി.പി.സിങ് സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. പ്രയാഗ് രാജിലേക്ക് നാല് അധിക ട്രെയിനുകളുടെ സർവീസുകൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.
അയോദ്ധ്യയെ ആറ് സോണുകളായും 11 സെക്ടറുകളായും തിരിച്ചാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരിൽ ഭൂരിഭാഗവും അയോദ്ധ്യയിലും ദർശനം നടത്തി സരയു നദിയിൽ സ്‌നാനവും നിർവഹിച്ചാണ് മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *