Your Image Description Your Image Description

ന്യൂഡല്‍ഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചതിനെ തുടർന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ നടപടിയുമായി റെയില്‍വേ മന്ത്രാലയം. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് രാജ്യത്തെ തിരക്കേറിയ 60 സ്റ്റേഷനുകളിൽ പ്രത്യേക ഹോൾഡിംഗ് ഏരിയ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും പ്ലാറ്റ്ഫോമുകളിലേക്കുള്ള അവരുടെ ഒഴുക്ക് കര്‍ശനമായി നിയന്ത്രിക്കുന്നതിനുമാണ് ഈ സംവിധാനം. ഈ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ ഹോള്‍ഡിങ് ഏരിയകളില്‍ കാത്തിരിക്കേണ്ടി വരും. അതത് ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തിനനുസരിച്ച് മാത്രമേ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാന്‍ അനുവദിക്കൂവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

തിരക്കിന് സാധ്യതയില്ലാത്ത വിധത്തില്‍ ഹോള്‍ഡിങ് ഏരിയകളില്‍ നിന്ന് പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശന റൂട്ടുകള്‍ റെയില്‍വേ വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്യും. തിങ്കളാഴ്ച തന്നെ ന്യൂഡല്‍ഹി സ്റ്റേഷനില്‍ ഹോള്‍ഡിങ് ഏരിയ സ്ഥാപിച്ചു. ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനത്തിരക്കേറിയ പ്രധാന സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് തിരക്കിന് സാധ്യതയുള്ള 60 സ്റ്റേഷനുകള്‍ കണ്ടെത്തിയത്. ബിഹാറിലെ പട്ന, ആറ, ബക്സര്‍, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ഗുജറാത്തിലെ സൂറത്ത്, ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഉത്സവങ്ങളിലും പ്രത്യേക പരിപാടികളിലും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം വികസിപ്പിക്കുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

14 നും 15 നും ഇടയിലുള്ള ഫുട്ട് മേൽപ്പാലത്തിൻ്റെ കോണിപ്പടിയിൽ ഒരു സംഘം ആളുകൾ ഇരിക്കുന്നതാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് തിക്കിലും തിരക്കിലും കലാശിക്കും. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഒരാഴ്ചത്തേക്ക് വൈകിട്ട് 4 മുതൽ രാത്രി 11 വരെ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന ഉണ്ടാകില്ലെന്ന് നോർത്തേൺ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. ക്രൗഡ് മാനേജ്‌മെൻ്റ് ചെയ്യുന്നതിനായി, ന്യൂ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന അടുത്ത ഒരാഴ്ചത്തേക്ക് നിർത്താൻ തീരുമാനിച്ചതായി നോർത്തേൺ റെയിൽവേയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *