Your Image Description Your Image Description

കുട്ടികളില്‍ മുണ്ടിനീര് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുണ്ടിനീര് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കാന്‍ ശ്രദ്ധിക്കണം. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടാന്‍ അനുവദിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടുമുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്.

*ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക*
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും, വേദനയും പേശിവേദനയുമാണ് മറ്റു ലക്ഷണങ്ങള്‍. നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കാന്‍ താമസിക്കരുത്. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. ഡോക്ടറെ കണ്ട് ചികിത്സ തേടുക.

*രോഗപ്പകര്‍ച്ച ഇങ്ങനെ*
ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ ഇവയുടെ കണികകള്‍ വായുവില്‍ കലര്‍ന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി എന്നിവയ്ക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കില്‍ കേള്‍വി തകരാറിനും, ഭാവിയില്‍ പ്രത്യുല്‍പാദന തകരാറുകള്‍ ഉണ്ടാകുന്നതിനും സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥയും ഉണ്ടാകാനിടയുണ്ട്.

*ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

*രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക.
*രോഗികള്‍ ധാരാളം വെള്ളം കുടിക്കുക. പുളിപ്പുള്ള പഴച്ചാറുകള്‍ പോലെയുള്ള പാനീയങ്ങള്‍ കുടിക്കേണ്ടതില്ല.
*ചവയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുക.
*നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളം ചൂടുള്ള ഉപ്പുവെള്ളം കവിള്‍ ചെയ്യുക.
*ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് വെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നല്‍കാന്‍ സഹായിക്കും.
സാധാരണയായി രണ്ട് ആഴ്ചകൊണ്ട് രോഗം ഭേദമാകാറുണ്ട്. എങ്കിലും രോഗത്തിന്റെ ഇന്‍കുബേഷന്‍ കാലയളവ് (രോഗികളുമായി സമ്പര്‍ക്കത്തിലായവര്‍ക്ക് രോഗ ലക്ഷണം പ്രകടമാകാന്‍ സാദ്ധ്യതയുള്ള സമയം) 12 മുതല്‍ 25 ദിവസം വരെയായതിനാല്‍ രോഗമുള്ളവരുമായി സമ്പര്‍ക്കത്തിലായവര്‍ ശ്രദ്ധ പുലര്‍ത്തുന്നത് രോഗവ്യാപനം തടയുന്നതിന് സഹായകമാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *