Your Image Description Your Image Description

ബെംഗളൂരു: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ ഗൗരിക്ക് പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക പരാധീനതകൾ അതിനു അനുവദിച്ചില്ല. യാത്രാച്ചെലവും മറ്റുകാര്യങ്ങളും നടത്താനുള്ള പണം കൈയിൽ ഇല്ലാത്തതിനാൽ യാത്ര നടന്നില്ല. ഈ വിഷമം മാറ്റാൻ 57കാരി ഗൗരി ചെയ്ത കാര്യമാണ് ഏവരെയും ഇപ്പോൾ ഞെട്ടിച്ചത്. കുംഭമേളയിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം മാറ്റാന്‍ തന്റെ വീടിന്റെ പിന്‍വശത്ത് 40 അടി താഴ്ച്ചയില്‍ കിണര്‍ കുഴിച്ച് ‘ഗംഗ’യെ ഭൂമിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഗൗരി.

ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് ഗൗരി കിണർ കുഴിച്ചത്. 2024 ല്‍ ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്ന്, അംഗന്‍വാടി കുട്ടികളുടെയും ജീവനക്കാരുടെയും ദാഹം അകറ്റാൻ ഗൗരി കിണര്‍ കുഴിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാരെ വീണ്ടും അത്ഭുതപ്പെടുത്തി ഗൗരിയുടെ മറ്റൊരു വേറിട്ട പ്രവൃത്തി. ‘മഹാകുംഭമേളയില്‍ പോകാന്‍ ഒരാള്‍ക്ക് ഭാഗ്യമുണ്ടായിരിക്കണം. എനിക്ക് അവിടം വരെ പോകാന്‍ പണത്തിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇവിടെ ഒരു കിണര്‍ കുഴിച്ച് ഗംഗയെ കൊണ്ടുവരാന്‍ തീരുമാനിച്ചു. കിണറ്റില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നതില്‍ സന്തോഷം ഉണ്ട്. ഈ മാസം അവസാനം ശിവരാത്രി ദിനത്തില്‍ പുണ്യ സ്‌നാനം നടത്താന്‍ പദ്ധതിയുണ്ട്’ ഗൗരി പറയുന്നു.

ഡിസംബറിലാണ് മഹാകുംഭമേളയെക്കുറിച്ച് ഗൗരി കേൾക്കുന്നത്. പക്ഷേ പ്രയാഗ് രാജിലേക്ക് പോകാന്‍ തന്റെ പക്കല്‍ ആവശ്യത്തിന് പണമില്ലെന്ന് മനസ്സിലായപ്പോഴാണ് അവര്‍ കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 15 ന് ജോലി ആരംഭിക്കുകയും ചെയ്തു. ഒരു ദിവസം ഏകദേശം ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ നീണ്ടു ഗൗരിയുടെ അധ്വാനം. കൃത്യം രണ്ട് മാസത്തിന് ശേഷം, ഫെബ്രുവരി 15ന് അവര്‍ കിണര്‍ പൂര്‍ത്തിയാക്കി. ആരുടെയും സഹായമില്ലാതെ ഒരു കിണര്‍ കുഴിക്കുന്നത് ഗൗരിക്ക് പുതിയ കാര്യമല്ല. ഇതിനകം സ്വന്തമായി നാല് കിണറുകളാണ് ഗൗരി കുഴിച്ചത്. ഒന്ന് കൃഷിക്കായി തന്റെ പാടത്താണ് കുഴിച്ചത്. മറ്റൊന്ന് തന്റെ ഗ്രാമത്തിലെ ജനങ്ങളുടെ ദാഹം ശമിപ്പിക്കാനും മൂന്നാമത്തേത് 2024 ല്‍ സിര്‍സിയിലെ ഗണേഷ് നഗര്‍ അംഗന്‍വാടി സ്‌കൂളിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *