Your Image Description Your Image Description

കോഴിക്കോട്: കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ നിലപാട് തള്ളിയ പ്രതിപക്ഷ വി ഡി സതീശനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുന്ന ഒരു നേതാവ് കേരളത്തിന്റെ മുന്നേറ്റം നല്ലതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കേരളത്തിലെ മന്ത്രി തുല്യനായ ആള്‍ നിഷേപ സൗഹൃദമൊന്നുമല്ല എന്നാണ് പ്രതികരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കേരളത്തിലെ വികസനം ഉണ്ടായി എന്നത് വസ്തുതയാണ്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ശക്തിപ്പെട്ടെന്ന് ഒരു നേതാവ് പറഞ്ഞു. അത് സത്യമല്ലേ. നാട്ടിലെ നേട്ടങ്ങളെ അംഗീകരിക്കുമ്പോള്‍ എല്‍ഡിഎഫിനെ അംഗീകരിക്കുന്നു എന്നാണോ വരിക. നാടിന്റെ നേട്ടങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. വായ്പ നല്‍കാമെന്ന് പറഞ്ഞു. അത് സ്വീകരിക്കും. വായ്പയല്ല, സഹായമാണ് കേരളം ആവശ്യപ്പെടുത്തത്. നമ്പര്‍ വണ്‍ എന്ന് കേന്ദ്രം കേരളത്തെ വിശേഷിപ്പിച്ചിട്ടും സഹായം മാത്രം നല്‍കുന്നില്ല. കേരളം എന്ന നിലയില്‍ ശക്തമായി തന്നെ സഹായത്തിനായി ആവശ്യപ്പെടുമെന്നും അദ്ദേഹം കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കോഴിക്കോട് പറഞ്ഞു. മതനിരപേക്ഷതയെ രാജ്യത്ത് ആര്‍എസ്എസ് തള്ളി പറയുന്നു. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നു, ആക്രമിക്കുന്നു. ഇതിന് കേന്ദ്രം സഹായം നല്‍കുന്നു. ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരയാവുന്നത് മുസ്ലീങ്ങളാണ്. കൈസ്തവ വിഭാഗങ്ങളും ആക്രമണത്തിന് ഇരയാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചില കുട്ടികള്‍ പഠനത്തില്‍ വലിയ നിലയില്‍ ഉള്ളവര്‍ ആവില്ല. അവര്‍ക്ക് അധ്യാപകര്‍ പരിഗണന നല്‍കണം. ഒരു വിദ്യാര്‍ത്ഥിയും പുറകോട്ട് പോകരുത്. പഠിപ്പിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രം പഠിപ്പിച്ച് പോകരുത്. ഓരോ വിദ്യാര്‍ത്ഥിക്കും ആവശ്യമെങ്കില്‍ പ്രത്യേക പരിഗണന നല്‍കണം. ഇത് വിദ്യാഭ്യാസ രംഗത്ത് വലിയ ഉയര്‍ച്ച ഉണ്ടാക്കും. കുട്ടികള്‍ക്ക് എന്ത് ശേഷി ഉണ്ടെന്ന് അധ്യാപകര്‍ മനസിലാക്കണം.

ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുമ്പോഴും ചില കെട്ടകാര്യങ്ങള്‍ ഉണ്ട്. മയക്കുമരുന്നിന്റെ ആപത്ത് നേരിടുന്നുണ്ട്. ഡ്രഗ് മാഫിയയാണ് യഥാര്‍ത്ഥ മാഫിയ. ലോകത്തെ ചില രാജ്യങ്ങളെ അട്ടിമറിക്കാന്‍ പോലും ഈ മാഫിയക്ക് ശേഷിയുണ്ട്. ഇവരാണ് കുട്ടികളെ ലക്ഷ്യം വെക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ചില കുട്ടികള്‍ ഇവരുടെ പ്രലോഭനങ്ങളില്‍ പെടുന്നു. ഇതില്‍ ലിംഗ വ്യത്യാസമില്ല. കാര്യ ക്ഷമമായി ഇടപെടുമ്പോഴും ഇത് വര്‍ധിച്ച് വരുന്നു. ഇത് തിരുത്തിക്കാന്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ വേണം. സമചിത്തതയോടെ ഇടപെടണം. കുട്ടികള്‍ക്ക് അപമാനം ഉണ്ടാകുന്ന രീതിയില്‍ ഇടപെടരുത്. കുട്ടികളുടെ രക്ഷിതാക്കളോടും സംസാരിക്കണം. അവരുടെ അഭിമാനത്തിന് കോട്ടം വരാത്ത രീതിയിലാവണം ഇടപെടേണ്ടത്. മറ്റ് ഏജന്‍സികളും ഇക്കാര്യത്തില്‍ സഹായിക്കും. അടുത്ത അധ്യയന വര്‍ഷത്തെ പ്രധാന ക്യാമ്പയിന്‍ ലഹരി വിമുക്ത വിദ്യാലയം എന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *