Your Image Description Your Image Description

മ്യൂണിക്: ആഗോള ജനാധിപത്യം ഭീഷണിയിലാണെന്ന പാശ്ചാത്യ രാജ്യങ്ങളിലെ പ്രതിനിധികളുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫെറന്‍സിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ മൂല്യങ്ങള്‍ പാലിക്കാത്ത പടിഞ്ഞാറന്‍ രാജ്യങ്ങളെ വിമര്‍ശിച്ച മന്ത്രി ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും സംസാരിച്ചു.

‘എന്റെ ഈ വിരല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തുടങ്ങാം. ഇത് മോശമായി കരുതരുത്. ഇത് ചൂണ്ടുവിരലാണ്. എന്റെ നഖത്തില്‍ കാണുന്ന ഈ അടയാളം ഇപ്പോള്‍ വോട്ട് ചെയ്ത ഒരാളുടെ അടയാളമാണ്. എന്റെ സംസ്ഥാനത്ത് ഒരു തിരഞ്ഞെടുപ്പ് നടന്നു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് ഒരു ദേശീയ തിരഞ്ഞെടുപ്പും ഉണ്ടായിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നില്‍ രണ്ട് വോട്ടര്‍മാരും വോട്ട് ചെയ്യുന്നു. ദേശീയ തിരഞ്ഞെടുപ്പുകളില്‍ ഏകദേശം 90 കോടി വോട്ടര്‍മാരില്‍ 70 കോടി പേരും വോട്ട് ചെയ്യുന്നു. ഒറ്റ ദിവസത്തിനുള്ളില്‍തന്നെ ആ വോട്ടുകളെല്ലാം എണ്ണുന്നു.’- ജയശങ്കര്‍ പറഞ്ഞു.

ഒരു രാജ്യത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ജനാധിപത്യത്തിലൂടെ പരിഹരിക്കാനാകില്ലെന്ന യു.എസ്. സെനറ്റര്‍ എലിസ സ്ലോട്ട്കിന്റെ പരാമര്‍ശത്തെ എതിര്‍ത്ത ജയശങ്കര്‍ ഇന്ത്യ ഒരു ജനാധിപത്യ സമൂഹമാണെന്നും 80 കോടി ആളുകള്‍ക്ക് പോഷകാഹാര സഹായം നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി. നിരവധി വെല്ലുവിളികളുണ്ടായിട്ടും കുറഞ്ഞ വരുമാനത്തിലും ജനാധിപത്യ മാതൃകയില്‍ സത്യസന്ധത പുലര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഇത്തരം മാതൃകകളെ പാശ്ചാത്യ രാജ്യങ്ങളും സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘മുമ്പുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ആളുകള്‍ ഇന്ന് വോട്ടു ചെയ്യുന്നു. അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. അതായത് ഞങ്ങള്‍ ഇപ്പോള്‍ സുഖമായി ജീവിക്കുന്നു. വോട്ടും ചെയ്യുന്നു. ഞങ്ങളുടെ ജനാധിപത്യത്തിന്റെ ദിശയെ കുറിച്ച് ഞങ്ങള്‍ ശുഭാപ്തി വിശ്വാസികളാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയശങ്കറിനെ കൂടാതെ നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോര്‍, യു.എസ് സെനറ്റര്‍ എലിസ സ്ലോട്ട്കിന്‍, വാര്‍സോ മേയര്‍ റാഫല്‍ ട്രാസാസ്‌കോവ്‌സ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *