Your Image Description Your Image Description

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ പ്രത്യാശ ഇല്ലാതായതോടെ സമരം തുടരാന്‍ ആശ വര്‍ക്കര്‍മാരുടെ തീരുമാനം. സുപ്രധാനവിഷയങ്ങളില്‍ ഒന്നും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉറപ്പു ലഭിച്ചില്ല. വിരമിക്കല്‍ ആനുകൂല്യം, ഓണറേറിയം വര്‍ധിപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമായില്ല. ഈ മാസം 20ന് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തുമെന്ന് ആശ വര്‍ക്കര്‍മാര്‍ അറിയിച്ചു.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരത്തിലാണ് ആശ വര്‍ക്കര്‍മാര്‍. സംസ്ഥാനത്ത് 30,113 ആശ വര്‍ക്കര്‍മാരാണുള്ളത്. അത്യാവശ്യത്തിന് അവധി എടുത്താല്‍ പോലും ഓണറേറിയത്തില്‍ കുറവു വരും. ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ആശ വര്‍ക്കര്‍മാരെ (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) നിയമിക്കുന്നത്.

ആരോഗ്യമേഖലയുടെ ജീവനാഡിയാണെങ്കിലും ജോലി ഭാരത്താല്‍ നട്ടം തിരിയുകയാണെന്നാണ് ആശ വര്‍ക്കര്‍മാരുടെ പരാതി. ആഴ്ച മുഴുവനും രാവിലെ 7 മുതല്‍ രാത്രി 8 വരെ ജോലി ചെയ്തിട്ടും അര്‍ഹമായ ശമ്പളവും ഇന്‍സെന്റീവും ഉള്‍പ്പെടെ നേടിയെടുക്കാനും അത്യധ്വാനം വേണ്ടിവരുന്നതു ദുരവസ്ഥയാണെന്ന് അവര്‍ പറയുന്നു.

കൃത്യമായ ജോലി സമയമില്ല, ഞായറാഴ്ച തത്വത്തില്‍ അവധി ഉണ്ടെങ്കിലും ജോലി ചെയ്യണം, ലീവ് എടുത്താല്‍ ആ ദിവസം ഓണറേറിയത്തില്‍ കുറയ്ക്കും, വിശേഷ ദിവസങ്ങളില്‍ മതം നോക്കി മാത്രം അവധി, വാഹനക്കൂലി സ്വയം നല്‍കണം, പെന്‍ഷനോ ആരോഗ്യ ഇന്‍ഷുറന്‍സോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല, തുടങ്ങിയവയാണ് ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന പരാതികള്‍.

Leave a Reply

Your email address will not be published. Required fields are marked *