Your Image Description Your Image Description

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനു മുന്നറിയിപ്പുമായി മുൻ പേസർ സഹീർ ഖാൻ. ഏകദിനത്തിൽ ഓപ്പണിങ്ങിൽ വ്യത്യസ്ത കൂട്ടുകെട്ടുകളും ബാറ്റിങ്ങിൽ പല താരങ്ങളെയും പരീക്ഷിക്കുന്നതിലാണ് ഗൗതം ഗംഭീറിനു സഹീർ ഖാൻ മുന്നറിയിപ്പ് നൽകിയത്.ഇത്തരത്തിലുള്ള മാറ്റങ്ങൾ ടീമിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഭാവിയിൽ ഗംഭീറിനുതന്നെ തിരിച്ചടിയാകുമെന്നും സഹീർ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ട്വൻറി20, ഏകദിന പരമ്പരകളിലെ പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സഹതാരത്തിൻറെ വിമർശനം. ട്വൻറി20യിൽ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തിരുന്നത്. എന്നാൽ, ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ യുവതാരം യശസ്വി ജയ്സ്വാളും നായകൻ രോഹിത് ശർമയുമാണ് ഓപ്പൺ ചെയ്തത്

കോഹ്ലിക്ക് പരിക്കേറ്റതോടെ ശ്രേയസ് അയ്യർ ടീമിലെത്തിയപ്പോൾ ശുഭ്മൻ ഗിൽ മൂന്നാം നമ്പറിലേക്ക് മാറി. രണ്ടാം ഏകദിനത്തിൽ കോഹ്ലി തിരിച്ചെത്തിയതോടെ ഗില്ലും രോഹിത്തുമാണ് ഓപ്പൺ ചെയ്തത്. ജയ്സ്വാൾ ടീമിന് പുറത്തായി. ഏകദിനത്തിൽ 50 ശരാശരിയുള്ള ശ്രേയസ്സിനെ ടീമിന് പുറത്തിരുത്തുന്നതും വിമർശനത്തിനിടയാക്കും. ടീമിനുള്ളിൽ ബാറ്റിങ് ഓർഡറുകളിൽ വരുത്തുന്ന മാറ്റങ്ങൾ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാകണമെന്നും അല്ലെങ്കിൽ ടീമിലെ താരങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും സഹീർ പറഞ്ഞു.

ഗംഭീറിൻറെ തന്ത്രങ്ങൾ ഫലിക്കണമെങ്കിൽ താരങ്ങൾ, സെലക്ടർമാർ, നായകൻ, പരിശീലകൻ എന്നിവർക്കിടയിൽ കൃത്യമായ ധാരണയുണ്ടാകണമെന്നും മുൻ ഇടങ്കൈയൻ പേസർ ചൂണ്ടിക്കാട്ടി. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചാമ്പ്യൻസ് ട്രോഫിക്കുള്ള അന്തിമ ഇലവൻറെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ട്വൻറി20 പരമ്പരക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയതും രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയതുമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *