Your Image Description Your Image Description

ലൈവ് ഷോയ്ക്കിടെ സെല്‍ഫിയെടുക്കാനെത്തിയ വനിതാ ആരാധകരെ ചുംബിച്ച് ഗായകന്‍ ഉദിത് നാരായണ്‍. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഉദിത് നാരായൺ ട്രോളുകൾ ഏറ്റുവാങ്ങി. ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളും സാമൂഹികമാധ്യമങ്ങളില്‍ കൊഴുക്കുകയാണ്. വേദിയിൽ ‘ടിപ് ടിപ് ബർസ പാനി’ എന്ന ഗാനം പാടിക്കൊണ്ടിരുന്ന താരം സെൽഫി അഭ്യർത്ഥിച്ച് വന്ന സ്ത്രീകൾക്ക് നേരെയാണ് ഇത്തരമൊരു കാര്യം ചെയ്തത്. വീഡിയോ വൈറലാകുകയും 69 കാരനായ ഗായകന് തൻ്റെ പെരുമാറ്റത്തിന് സമൂഹ മാധ്യമങ്ങളിൽ വലിയ തിരിച്ചടി നേരിടുകയും ചെയ്തു.

വേദിയില്‍ പാടുന്നതിനിടെയാണ് സ്ത്രീകള്‍ സെല്‍ഫിയെടുക്കാനായി ഉദിത് നാരായണന് സമീപമെത്തുന്നത്. സെല്‍ഫിയെടുക്കാനെത്തിയ സ്ത്രീകള്‍ക്കെല്ലാം ഉദിത് നാരായണ്‍ ചുംബനം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെല്‍ഫിയെടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്തശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകന്‍ കവിളില്‍ ചുംബനം നല്‍കി. തൊട്ടുപിന്നാലെ ഫോട്ടോയെടുക്കാനെത്തിയ മറ്റുസ്ത്രീകളെയും ഗായകന്‍ ചുംബിച്ചു. ഈ സമയം ഒരു പുരുഷനും ഗായകന്റെ സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഉദിത് നാരായണ്‍ ശ്രദ്ധിച്ചതുപോലുമില്ല.

തുടര്‍ന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചു. ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല. എന്നാല്‍, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാന്‍ ആംഗ്യത്തിലൂടെ ഉദിത് നിര്‍ദേശിച്ചു. പിന്നാലെ വേദിക്ക് തൊട്ടരികിലെത്തിയ സ്ത്രീ സെല്‍ഫി പകര്‍ത്തുകയും ഗായകന്റെ കവിളില്‍ ചുംബനം നല്‍കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, ഇവരുടെ ചുണ്ടുകളിലാണ് ഉദിത് നാരായണ്‍ തിരികെ ചുംബനം നല്‍കിയത്.

വീഡിയോ പുറത്തുവന്നതോടെ എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളാണ് നടക്കുന്നത്. ഇത് എ.ഐ. വീഡിയോ ആയിരിക്കണേ എന്നായിരുന്നു ഒരാള്‍ പങ്കുവെച്ച കമന്റ്. അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പെരുമാറ്റമാണെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. അതേസമയം, ഗായകന്‍ ചെയ്തതില്‍ തെറ്റൊന്നും ഇല്ലെന്നും അഭിപ്രായമുയർത്തുന്നവരും ഉണ്ടായിരുന്നു. സ്ത്രീകളെ ആരും നിര്‍ബന്ധിച്ചില്ലല്ലോ എന്നും അവര്‍ സ്വമേധയാ വന്ന് ചുംബനം വാങ്ങിയതല്ലേ എന്നുമായിരുന്നു ഇവരുടെ ചോദ്യം. അതേസമയം, സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ എവിടെ നടന്ന പരിപാടിയുടേതാണെന്നോ എന്ന് നടന്നതാണെന്നോ വ്യക്തമല്ല. സംഭവത്തില്‍ ഗായകനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *