Your Image Description Your Image Description

പന്ത്രണ്ട് വ‍ർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയാണ് ഇപ്പോൾ എല്ലാവരുടെയും സംസാര വിഷയം. പുണ്യസ്നാനത്തിൽ പങ്കെടുക്കാനെത്തിയ പതിനഞ്ചോളം പേർ തിക്കിലും തിരക്കിലുംപെട്ട് മരിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇത്രയും ബ്രഹ്മാണ്ഡ ആത്മീയ സംഗമത്തിന് യാതൊരു സുരക്ഷയും ഒരുക്കാത്ത യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് സർക്കാർ വെറും നോക്കു കുത്തിയാകുകയാണ്. 15 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. എന്നാൽ തിരക്കിൽ പെട്ട് സ്ത്രീകളടക്കം നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഔദ്യോഗികമായ ഒരു കണക്കും സർക്കാർ നിലവിൽ പുറത്തുവിടാത്തത് ദുരൂഹത ഉയർത്തുകയാണ്. മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെയായിരുന്നു അപകടം. ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇത്രയധികം ആളുകൾ എത്തുന്ന കുംഭമേളയിൽ സംഭവിച്ച സുരക്ഷാവീഴ്ച യോഗി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഏഴായിരം കോടി രൂപയാണ് മഹാകുംഭമേളയുടെ ആകെ ചെലവ്. വരവോ രണ്ടു ലക്ഷം കോടിയും. ഈ കണക്കും കവിയുമെന്നാണ് റിപ്പോർട്ടുകൾ. കാശെറിഞ്ഞ്‌ കാശുവാരുന്ന യോഗി സർക്കാരിന്‍റെ സാമ്പത്തിക രാഷ്ട്രീയമാണ് ഇത് വ്യക്തമാക്കുന്നത്.

പ്രയാഗ്‌രാജിൽ പന്ത്രണ്ട് വ‍ർഷത്തിലൊരിക്കൽ ആണ് ഇത് നടക്കുന്നത്. 45 ദിവസം നീളുന്ന മഹാ കുംഭമേളയിൽ 40 കോടിപ്പേർ പങ്കെടുക്കുമെന്നാണ് യുപി സർക്കാരിന്റെ കണക്കു കൂട്ടൽ. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് അവസാനിക്കുന്ന ചടങ്ങുകളിൽ കോടിക്കണക്കിന് പേർ പങ്കെടുക്കും. അതായത് അമേരിക്കയുടേയും റഷ്യയുടേയും ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾ കുംഭമേളയിൽ പങ്കെടുക്കുമെന്ന് അർത്ഥം. മഹാ കുംഭമേളയുടെ സുഗമമായ നടത്തിപ്പിനായി ‘മഹാ കുംഭമേള’ എന്ന പേരിൽ നാല് മാസത്തേക്ക് പുതിയ ജില്ല ഉൾപ്പെടെ രൂപീകരിച്ചിരുന്നു. ഏകദേശം 4,000 ഹെക്ടറിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വലിയ വരുമാനമാണ് മഹാ കുംഭമേളയിലൂടെ യോഗി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ആകെ 7000 കോടി രൂപയാണ് ബജറ്റ്. കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 40 കോടി സന്ദർശകരിൽ ഓരോരുത്തരും ശരാശരി 5,000 രൂപ ചെലവഴിച്ചാണ് ഈ തുക ലഭിക്കുക. 2019 ൽ പ്രയാഗ്‌രാജിൽ നടന്ന അർദ്ധ കുംഭമേളയിലൂടെ 1.2 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. ഏകദേശം 24 കോടി തീർത്ഥാടകരാണ് അർദ്ധ കുംഭമേളയിൽ പങ്കെടുത്തത്. ഏത് സമയത്തും 50 ലക്ഷം മുതൽ ഒരു കോടി വരെ ഭക്തരെ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ താൽക്കാലിക നഗരമായാണ് വേദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. എന്നാൽ, സാമ്പത്തിക ലാഭം മാത്രം നോക്കിയപ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി. ഇത്രയധികം ആളുകളെ നിയന്ത്രിക്കാൻ വേണ്ടത്ര പോലീസുകാർ ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.

കുംഭമേളയിൽ അപകടങ്ങളുണ്ടാകുന്നത് ഇത് ആദ്യമായിട്ടല്ല. 1954ൽ കുംഭമേളയിൽ ആന ഇടഞ്ഞതിനെ തുടർന്ന് 800 പേർ മരിച്ചിരുന്നു. അതോടെ കുംഭമേളയ്ക്ക് ആന എഴുന്നള്ളിപ്പ് നിർത്തലാക്കി. 1986 ഹരിദ്വാരിൽ ഉണ്ടായ അപകടത്തിൽ 200 പേർ മരിച്ചു. 2003 യിൽ കുംഭമേളയോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നടന്ന ഉത്സവത്തിനിടെ 39 പേർ മരിച്ചു. 2013 യിൽ അലഹബാദ് റെയിൽവേ സ്റ്റേഷനിൽ അപകടമുണ്ടായി. മേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തീർത്ഥാടകർ തിക്കിലും തിരക്കിലും പെട്ട് അപകടം സംഭവിക്കുകയായിരുന്നു. ഇതിൽ 42 പേർ മരിച്ചു. ഇത്രയും അപകടങ്ങളുടെ ചരിത്രമാണ് കുംഭമേളയ്ക്കുള്ളത്. 5500 കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഭിമാന പ്രശ്നമാണ് കുംഭമേളയുടെ നടത്തിപ്പ്. വൃത്തിയോടെ മേള നടത്തുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. റോബോർട്ടും ചാറ്റ് ജിപിടിയും ഹൈടെക് നാവിഗേഷനും ഒക്കെയായി എഐ നിയന്ത്രിത സാങ്കേതിക വിദ്യയോടെയാണ് ഇത്തവണത്തെ മേള നടക്കുന്നത്. എന്നിട്ടും ആളുകൾക്ക് സുരക്ഷ ഒരുക്കാൻ കഴിയാത്തത്‌ സർക്കാരിന്റെ പരാജയം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *