Your Image Description Your Image Description

ജില്ലയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ജില്ലാ നൈപുണ്യ സമിതി ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയിൽ ബ്രൈഡൽ മേക്കപ്പ് പരിശീലനം പൂർത്തിയാക്കിയവരെ ജില്ലാ വികസന സമിതി യോഗത്തിൽ ആദരിച്ചു. ട്രാൻസ് ജെൻഡർ വ്യക്തികളായ ദിലിമോൻ വേണി, ലിജ തോമസ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന വികസന സമിതിയോഗത്തിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ എന്നിവർ ഇരുവർക്കും മെമെന്റോ സമ്മാനിച്ചു. ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ് അധ്യക്ഷനും ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു കൺവീനറുമായ നൈപുണ്യ സമിതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കു തൊഴിൽ നൈപുണ്യ പരിശീലനം നൽകിയത്. ഭീമ ജ്വല്ലറിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 5.59 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. മൂന്നുമാസ ദൈർഘ്യമുള്ള ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്‌സാണ് ഇരുവരും പൂർത്തിയാക്കിയത്. ദിലിമോൻ വേണി പരിശീലന ശേഷം സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി തനിക്ക് അവസരം ലഭിച്ചതായി അറിയിച്ചു. പദ്ധതിയിൽ രണ്ടുപേർക്ക് കൂടി അവസരം ഉണ്ടെന്നും ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള പിന്തുണ തുടർന്നും ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ അലക്‌സ് വർഗീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *