Your Image Description Your Image Description

വേമ്പനാട് കായൽ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല സ്ക്വാഡ് രൂപീകരിച്ചു. കേരളത്തിലെ ഏറ്റവും വലുതും റാംസർ തണ്ണീർത്തട വ്യവസ്ഥയിൽ ഉൾപ്പെട്ടതുമായ വേമ്പനാട് കായൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ നിക്ഷേപം മൂലം പാരിസ്ഥിതിക ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാല (കുഫോസ്) യുടെ പഠന റിപ്പോർട്ട് പ്രകാരം ഏകദേശം 3000 ടണ്ണോളം മാലിന്യം കായലിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായി ജനുവരി 18 ന് ആദ്യഘട്ടമെന്ന നിലയിൽ കായലിനോട് ചേർന്ന് കിടക്കുന്ന 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് വിമുക്ത മെഗാ കാമ്പയിൻ സംഘടിപ്പിക്കുകയും

12 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്യുകയും ചെയ്തിരുന്നു. ഇതിൻ്റെ അടുത്ത ഘട്ടമെന്ന നിലയിൽ 18 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഫെബ്രുവരി 7 ന് പ്ലാസ്റ്റിക് വിമുക്ത കാമ്പയിൻ നടത്തുവാൻ തീരുമാനിച്ചതായും ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. പദ്ധതിയുടെ തുടർപ്രവർത്തനമെന്ന നിലയിൽ പൊലീസ്, ടൂറിസം പൊലീസ് , മുനിസിപ്പാലിറ്റി, ടൂറിസം വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഡി.റ്റി.പി.സി, തുറമുഖവകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. കായലിലും കായലിനോട് ചേർന്നുള്ള പരിസരപ്രദേശങ്ങളിലും വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും ഹൌസ്ബോട്ടുകളും മോട്ടോർ ബോട്ടുകളും കേന്ദ്രീകരിച്ചാണ് സ്ക്വാഡ് പരിശോധന നടത്തുക. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുക, കായലിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുക, പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ ആഘാതത്തെ കുറിച്ച് അവബോധം നൽകുക, മാലിന്യനിർമ്മാർജ്ജനപ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നീ കാര്യങ്ങളിൽ ആദ്യഘട്ടമെന്ന നിലയിൽ അവബോധം നൽകുകയും തുടർന്ന് മിന്നൽ പരിശോധന നടത്തി നിയമലംഘനം നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും പിഴ ഈടാക്കുന്നതുമാണ്. കൂടാതെ വേമ്പനാട് കായലിനോട് ചേർന്ന് വരുന്ന പഞ്ചായത്തുകളിലെ പ്രധാനപാലങ്ങളിൽ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി പഞ്ചായത്തുതല സ്ക്വാഡും രൂപീകരിച്ചു. പ്രധാന പാലങ്ങൾ കണ്ടെത്തി ക്യാമറകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നതിന് ജോയിൻ്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *