Your Image Description Your Image Description

മലപ്പുറം: മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കര കയറ്റാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക്. കിണർ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനാണ് ദൗത്യ സംഘത്തിന്റെ പദ്ധതി. അതേ സമയം, കിണറ്റിലുള്ള കാട്ടാനയുടെ ആരോ​ഗ്യസ്ഥിതി മോശമാണെന്ന് ഡിഎഫ്ഒ പറഞ്ഞു. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. 18 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കുമാണ് തീരുമാനമുണ്ടായിരിക്കുന്നത്.

കിണറിന്റെ ഒരുഭാ​ഗം ഇടിച്ചു മാത്രമേ ആനയെ കരയ്ക്ക് എത്തിക്കാൻ സാധിക്കൂ. പിന്നീട് ആ കിണർ ഉപയോ​ഗിക്കാൻ കഴിയില്ല. പുതിയൊരു കിണർ നിർമിക്കുന്നതിന് വേണ്ടിയാണ് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്റെ ഉടമസ്ഥൻ സണ്ണിക്ക് നൽകും. പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതർ സ്ഥലത്തുണ്ടാകും. വനത്തിലേക്ക് കയറ്റിവിടുന്ന ആന സ്വാഭാവികമായും വനാതിർത്തികളിലായിരിക്കും ഉണ്ടാകുക. ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താൻ നാളെ കുങ്കിയാനകളെ എത്തിക്കും. കാർഷകരായ പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തിൽ രാവിലെ 9 മണിക്ക് ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.

ആനയെ കിണറ്റിൽ വെച്ച് തന്നെ മയക്കുവെടി വെച്ച് ഉൾക്കാട്ടിലേക്ക് കൊണ്ടുവിടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിന്റെ പ്രായോ​ഗിക ബുദ്ധിമുട്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തെ ഇടവക വികാരി ഉൾപ്പെട്ട് നടത്തിയ ചർച്ചയിലാണ് കാര്യങ്ങൾ ധാരണയായിരിക്കുന്നത്. കിണർ ഒരുഭാ​ഗം ഇടിച്ച് ആനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികളാണ് സ്ഥലത്ത് പുരോ​ഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *