Your Image Description Your Image Description

അമേരിക്കയിലെ ആശുപത്രികളില്‍ സിസേറിയൻ വഴി പ്രസവം നേരത്തെയാക്കാൻ ഗർഭിണികളുടെ തിരക്ക്.ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെയാണ് പ്രസവം നേരത്തെ ആക്കാനുള്ള ആവശ്യവുമായി ഗർഭിണികൾ ആശുപത്രിയിലേക്ക് എത്തുന്നത്.

ഫെബ്രുവരി 20 മുതല്‍ ജന്മനാല്‍ പൗരത്വം നല്‍കുന്നതിനുള്ള യുഎസ് ഭരണഘടനയിലെ വ്യവസ്ഥ ഭേദഗതി ചെയ്യുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം മറികടക്കാനാണ് ഗർഭിണികളുടെ നീക്കം.
യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതിയനുസരിച്ച്‌, അവിടെ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍ ഫെബ്രുവരി 20 മുതല്‍ സ്ഥിര താമസക്കാരല്ലാത്തവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വയമേവ പൗരത്വത്തിന് അർഹതയില്ലെന്ന ഭേദഗതിയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ വിദേശികളായ ഗർഭിണികള്‍ ആശങ്കയിലാണ്. ഫെബ്രുവരി 20ന് ശേഷം പ്രസവം നടക്കേണ്ടവർ അതിന് മുമ്ബ് തന്നെ പ്രസവിച്ച്‌ യുഎസ് പൗരത്വം ഉറപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് ഇവിടെ നിന്നുള്ള റിപ്പോർട്ടുകള്‍ പറയുന്നു.

ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഗർഭിണികളാണ് മാസം തികയും മുമ്പേ പ്രസവിക്കാൻ സന്നദ്ധരായി ആശുപത്രികളില്‍ എത്തുന്നത്.
നിയമവിരുദ്ധമായി കുടിയേറിയവരെ മാത്രമല്ല, താല്‍ക്കാലിക വീസയില്‍ യുഎസില്‍ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ഭേദഗതി ബാധിക്കും. താല്‍ക്കാലിക തൊഴില്‍ വീസകള്‍ (എച്ച്‌-1ബി, എല്‍1), ആശ്രിത വീസ (എച്ച്‌ 4), പഠന വീസ (എഫ്1), ഇന്റേണ്‍ഷിപ്, അധ്യാപന, പരിശീലന സന്ദർശക വീസ (ജെ1), ഹ്രസ്വകാല ബിസിനസ് അല്ലെങ്കില്‍ ടൂറിസ്റ്റ് വീസ (ബി1, ബി2) തുടങ്ങിയവ ഉപയോഗിച്ച്‌ യുഎസില്‍ കഴിയുന്നവർക്കും ഉത്തരവ് തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *