Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനസർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനം വാർഷിക വളർച്ചയോടെ കേരളം ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 75.26 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 60 ശതമാനവുമാണ് വളർച്ച.കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ 2020 മുതൽ വർഷംതോറും പുരപ്പുറ സൗരോർജ വൈദ്യുതി ഉൽപാദനം ഇരട്ടിയാകുകയാണ്.

2024 ഒക്ടോബർ 10 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 പുരപ്പുറ നിലയം സ്ഥാപിച്ചിട്ടുണ്ട്. പകൽസമയങ്ങളിലുള്ള ആവശ്യകതയുടെ 22 ശതമാനം നിറവേറ്റാൻവേണ്ട ശേഷി ഈ പുരപ്പുറ നിലയങ്ങൾക്കുണ്ട്.പിഎം സൂര്യഘർ പദ്ധതിയിൽ ഏറ്റവും കൂടുതൽ സബ്‌സിഡി ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലും പദ്ധതി നടപ്പാക്കുന്നതിലും കേരളം രണ്ടാം സ്ഥാനത്താണ്. പുതിയ കണക്കനുസരിച്ച് പിഎം സൂര്യഘർ പദ്ധതിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,52,216 പേരാണ്. ഇതിൽ 92,052 പ്ലാന്റുകൾക്ക് (424 മെഗാവാട്ട്) അപേക്ഷ ലഭിച്ചു. കേരളത്തിൽ അപേക്ഷിച്ചവരിൽ 55 ശതമാനവും പ്ലാന്റ് സ്ഥാപിച്ചു. 181.54 മെഗാവാട്ട് ശേഷിയുള്ള സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായി.

പുരപ്പുറ സോളാർ സ്ഥാപിക്കുന്നതിന് 78,000 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. കൂടാതെ സോളാർ സിസ്റ്റങ്ങൾ സ്ഥാപിക്കുന്നതു വഴി കെഎസ്ഇബിയുടെ ബിൽ കുറയ്ക്കുന്നതിൽ നിന്നുണ്ടാകുന്ന ലാഭവും ഉപയോക്താക്കൾക്ക് ലഭിക്കും. ഉൽപ്പാദിപ്പിക്കുന്ന മിച്ച വൈദ്യുതി കെഎസ്ഇബിക്ക് നൽകിയാൽ അതും വരുമാനമാക്കി മാറ്റാൻ കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *