Your Image Description Your Image Description

വാഷിങ്ടണ്‍: ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്ക വീണ്ടും പിന്മാറി. ഇതുസംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ്‌ ട്രംപ് ഒപ്പുവച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അധികാരമേറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങൾക്ക് അമേരിക്ക വീണ്ടും വിലങ്ങു തടിയാവുകയാണ്. 2017-ലും സമാനമായ നീക്ക ട്രംപ് നടത്തിയിരുന്നു.

അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഉടമ്പടി എന്നാരോപിച്ചായിരുന്നു അന്നത്തെ പിന്മാറ്റം. കാലാവസ്ഥാ സംരക്ഷണം വെറും തട്ടിപ്പാണെന്നും ഏറ്റവും കൂടുതല്‍ മലനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പാരീസ് ഉടമ്പടിയെന്നും ട്രംപ് അന്ന് ആരോപിച്ചിരുന്നു. പാരീസ് ഉടമ്പടി അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന നിലപാടാണ് ട്രംപിനുള്ളത്. ഉടമ്പടിയുടെ ലക്ഷ്യത്തെത്തന്നെ പിന്മാറ്റം ദോഷകരമായി ബാധിക്കുമെന്ന വിമര്‍ശനം അമേരിക്കയില്‍നിന്നുതന്നെ അന്ന് ഉയര്‍ന്നിരുന്നു.

2015 ഡിസംബറില്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിയാണ് ആഗോളതാപനം നിയന്ത്രിക്കാനുള്ള പുതിയ ഉടമ്പടി മന്നോട്ടുവെച്ചത്. ഈ ഉടമ്പടിക്ക് വേണ്ടി ഏറെ പരിശ്രമിച്ചയാളാണ് ട്രംപിന്റെ മുന്‍ഗാമിയായ ബരാക് ഒബാമ. 2016 നവംബര്‍ നാലിന് നിലവില്‍ വന്ന ഉടമ്പടി പ്രകാരം ഭൗമതാപനിലയിലെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, ക്രമേണ ആ വര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുക എന്നതാണ് രാജ്യങ്ങളുടെ ഉത്തരവാദിത്തം. 2016 ഏപ്രില്‍ 22നാണ് ഇന്ത്യ പാരീസ് ഉടമ്പടി അംഗീകരിച്ചത്. ഉടമ്പടി പ്രകാരം ആഗോള താപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുകയും വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും വേണം. ഇതാണ് അമേരിക്കയുടെ എതിര്‍പ്പിന് പിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *