Your Image Description Your Image Description

ഡൽഹി: ഡൽഹിയിൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പ് ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ചാണ് ഇന്ത്യൻ പുരുഷ ടീം കിരീടം ചൂടിയത്. വിജയികൾക്കൊപ്പം കപ്പ്‌ ഉയർത്താൻ തിരുവനന്തപുരത്ത് നിന്ന് ഒരു മലയാളിയും ഉണ്ടായിരുന്നു. ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശി ബി. നിഖിൽ ആയിരുന്നു അത്. ഉഴമലയ്ക്കൽ എസ്‌ എൻ എച്ച്‌ എസ്‌ എസ്സിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ആദ്യമായി കളിക്കാനിറങ്ങിയ നിഖിൽ, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കേരളത്തിനായി ദേശീയ സബ്ജൂനിയർ കളിച്ചു. പിന്നീട്‌ ദേശീയ ഗെയിംസിൽ കേരളത്തിനായി മികച്ച പ്രകടനം നിഖിൽ കാഴ്ച വെച്ചിട്ടിട്ടുണ്ട്.

ഇന്നിപ്പോൾ ഇന്ത്യ ഖോ ഖോ ലോക കപ്പിൽ മുത്തമിടുമ്പോൾ അതിൽ ബിനു കുമാർ, ബിന്ദു ദമ്പതികളുടെ മകനായ നിഖിലിൻ്റെ പങ്ക്‌ ഒട്ടും ചെറുതായി കാണാൻ കഴിയില്ല. ഭൂട്ടാനെതിരായ മത്സരത്തിലെ ബെസ്റ്റ് ഡിഫൻഡറായിരുന്ന നിഖിൽ നേപ്പാളിനെതിരായ ഫൈനലിൽ രണ്ട് പോയിൻ്റുകൾ നേടി. അതേസമയം ഡിഫൻസിൽ ശ്രദ്ധേയ പ്രകടനം നിഖിൽ കാഴ്ചവയ്ക്കുകയും ചെയ്തു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അരീനയിൽ ജനുവരി 13 മുതൽ 19 വരെ നടന്ന ഖോ ഖോ ലോകകപ്പ് 2025 മത്സരത്തിലാണ് പുരുഷ-വനിതാ വിഭാഗങ്ങളിലായി കിരീടങ്ങൾ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. ഇരു വിഭാഗങ്ങളിലും നേപ്പാളിനെയാണ് ഇന്ത്യ തോല്‍പ്പിക്കുന്നത്. നേപ്പാളിനെ 54-36 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം കിരീടം നേടുന്നത്. വനിതകള്‍ നേപ്പാളിനെതിരെ 78-40 എന്ന സ്‌കോറിന് വിജയിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു പുരുഷ ടീമിന്റെ ജയം.

Leave a Reply

Your email address will not be published. Required fields are marked *