Your Image Description Your Image Description

കൊല്ലം: 350 ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിനോദ സഞ്ചാര കപ്പൽ നിർമ്മിക്കാനൊരുങ്ങി മലയാളി സംരംഭകർ. കൊല്ലം തുറമുഖം കേന്ദ്രീകരിച്ചാണ് ഇതിന്റെ സർവീസ്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു കപ്പൽ സർവീസ് നടക്കാൻ പോകുന്നത്. കപ്പലിന്റെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. കപ്പലിലെ ഇരിപ്പിടങ്ങൾ മുതൽ ഉൾവശത്തെ സജ്ജീകരണങ്ങൾ വരെ ഉൾപ്പെടുന്ന ഏകദേശം മുപ്പതോളം വരുന്ന രൂപരേഖകളാണ് ഇതിനായി തയ്യാറാക്കുന്നത്. ഇതോടെ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വിനോദ സഞ്ചാര കപ്പൽ സർവീസിന് വഴി തെളിയുകയാണ്.

രൂപരേഖ പൂർത്തിയായാൽ ഉടൻ തന്നെ നിർമാണത്തിനായി കരാർ നൽകും. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാകും. കേരള മാരിടൈം ബോർഡിന്റെ കൊല്ലം റീജൻ നൽകുന്ന മാർഗ നിർദേശങ്ങൾ പ്രകാരം കപ്പൽ നിർമാണ മേഖലയിൽ പരിചയവും വിശ്വാസ്യതയും ഉള്ള സ്ഥാപനത്തിനാകും കരാർ നൽകുക. കൊല്ലം തുറമുഖം കേന്ദ്രീകരിച്ചു വിനോദ സഞ്ചാര സർവീസ് നടത്തുന്നതിനാണ് സാധ്യതയെങ്കിലും കൊച്ചിയും പരിഗണനയിലുണ്ട്. വിഴിഞ്ഞം, കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കപ്പൽ സർവീസ് നടത്താൻ മാരിടൈം ബോർഡ് ലക്ഷ്യമിട്ടിരുന്നു. കൊല്ലം തുറമുഖത്തു നിന്നു യാത്രാ, വിനോദ സഞ്ചാര കപ്പലുകൾ സർവീസിനു ദീർഘകാലമായി പരിശ്രമം നടന്നു വരികയാണ്.

കേരള മാരിടൈം ബോർഡ് സംസ്ഥാനത്തുള്ള തുറമുഖങ്ങളിൽ നിന്നു സർവീസ് നടത്തുന്നതിന് താൽപര്യപത്രം ക്ഷണിച്ചിരുന്നു. കൊല്ലത്ത് നിന്നു മാലദ്വീപിലേക്ക് ക്രൂസ് കപ്പൽ സർവീസിന് ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനി നേരത്തെ താൽപര്യം അറിയിച്ചിരുന്നു. കൊല്ലത്ത് നിന്നു 448 നോട്ടിക്കൽ മൈൽ മാത്രം ദൂരമുള്ള ലക്ഷദ്വീപിലേക്ക് യാത്രക്കപ്പൽ ആരംഭിക്കുന്നതിനുള്ള നീക്കവും നടത്തിയിരുന്നു. ലക്ഷദ്വീപിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ സർവീസ് നടത്തുന്നത്. കൊല്ലത്ത് നിന്നു സർവീസ് ആരംഭിച്ചാൽ അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *