Your Image Description Your Image Description

ഹാസൻ: ഒന്നാം ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര-2. നായകനായഭിനയിക്കുന്ന റിഷഭ് ഷെട്ടി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രം വൻ മുതൽമുടക്കിലാണ് നിർമിക്കുന്നത്. കർണാടകയിലെ ഹേരൂരു ​ഗ്രാമത്തിനോട് ചേർന്നുള്ള ​ഗവി​ഗുഡ്ഡ കാട്ടിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന കാന്താര-2 ഇപ്പോൾ വലിയൊരു വിവാ​ദത്തിലാണ് അകപ്പെട്ടിരിക്കുന്നത്.

സിനിമാ ചിത്രീകരണം കാരണം ​ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു എന്ന പരിസരവാസികളുടെ പരാതിയാണ് കാന്താര 2- ടീമിനെ പ്രശ്നത്തിൽ അകപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമത്തിൽ മാത്രം ചിത്രീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെങ്കിലും കാടിനകത്ത് കയറിയാണ് സിനിമ ചിത്രീകരിക്കുന്നതെന്നും പരിസരവാസികൾ പരാതിപ്പെടുന്നു. നിരവധി വന്യജീവികളുടെ ആവാസസ്ഥലമായ ​ഗവി​ഗുഡ്ഡ കാടുകളിൽ സ്ഫോടനദൃശ്യങ്ങളടക്കമാണ് ചിത്രീകരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ വിവിഝ കന്നഡ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

സിനിമാ ചിത്രീകരണം മൃ​ഗങ്ങളേയും പക്ഷികളേയും ശല്യപ്പെടുത്തുന്നുവെന്നാണ് മുൻ ജില്ലാ പഞ്ചായത്ത് അം​ഗമായ സന്ന സ്വാമി പറയുന്നത്. ആനകളുടെ ശല്യം കാരണം കർഷകർ ഇതിനോടകംതന്നെ ബുദ്ധിമുട്ടിലാണ്. വനം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടും ഉദ്യോഗസ്ഥർ അലംഭാവം കാട്ടുകയാണ്. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വനത്തിനുള്ളിൽ സ്ഫോടകവസ്തുക്കൾ ഉപയോ​ഗിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ സംഘത്തെ കാണാൻപോയ നാട്ടുകാരിൽപ്പെട്ട ഹരീഷ് എന്ന യുവാവിനെ ഷൂട്ടിങ് സംഘം മർദിച്ചതായും പരാതിയുണ്ട്. ഇയാൾ സഖ്ലേഷ്പുരിലെ ക്രോഫോർഡ് ആശുപത്രിയിൽ ചികിത്സയിലാണ്.

സിനിമാ ചിത്രീകരണം ഇവിടെ നിന്ന് മാറ്റണമെന്നും സിനിമാ പ്രവർത്തകർക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ യെസലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. തങ്ങളുടെ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നാട്ടുകാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *