Your Image Description Your Image Description

തിരുവനന്തപുരം: ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ ചെറിയ മൊട്ടു സൂചി കണ്ടെത്തിയെന്ന് പരാതി. വിതുര താലൂക്ക് ആശുപത്രിയിലാണ് സംഭവം. മേമല ഉരുളുകുന്ന് സ്വദേശിനി വസന്ത ബുധനാഴ്ച വൈകിട്ട് ശ്വാസമുട്ടലിന് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിലാണ് മൊട്ടു സൂചി കണ്ടെത്തിയത്. സി- മോക്സ് ഗുളികയ്ക്ക് ഉള്ളിലായിരുന്നു മൊട്ടു സൂചി.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും വസന്ത ഈ ഗുളിക കഴിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി കഴിക്കാനെടുത്ത ഗുളികയിലാണ് മൊട്ടുസൂചി കണ്ടത്തിയത്.
പിന്നാലെ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. തുടർന്ന് വസന്തയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് അധികൃതർ പരിശോധിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടർ ഡോ.കെ.എസ്.ഷിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വസന്തയിൽ നിന്നും മൊഴിയെടുത്തു.

മൊട്ടുസൂചിയും ക്യാപ്സ്യൂളും വിശദമായ പരിശോധനയ്ക്കായി സംഘം കസ്റ്റഡിയിലെടുത്തു.
ക്യാപ്സുളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തിൽ പ്രശ്നമില്ലെന്ന് ഡോ.കെ.എസ്.ഷിബു പറഞ്ഞു. മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ഗുളികയ്ക്കുള്ളിൽ എങ്ങനെ വന്നുവെന്ന് വ്യക്തതയില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഗുളിക പുറത്തിറക്കിയ മെഡിക്കൽ കമ്പനിയെ അടക്കം കക്ഷിയാക്കി അന്വേഷണം നടത്താനും സാംപിളുകൾ ശേഖരിക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *