Your Image Description Your Image Description

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയായ മാർഗദീപം പദ്ധതിപ്രകാരം ഒന്നു മുതൽ എട്ടാം ക്ലാസുവരെയുള്ള 20, 000 ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഈ വർഷം സ്കോളർഷിപ്പ് നൽകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരസഭയില്‍ നിര്‍മ്മിക്കുന്ന വുമണ്‍ എംപവര്‍മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിനു സമീപം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനും സ്വയം തൊഴിൽ നൽകുന്നതടക്കമുള്ള വിവിധങ്ങളായ പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണന്ന് മന്ത്രി പറഞ്ഞു. സർക്കാർ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയാണ് വുമണ്‍ എംപവര്‍മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ സെന്റർ പോലുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.14 കോടി 23 ലക്ഷം രൂപയാണ് നാല് നിലകളിലായി പണിയുന്ന ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളതെന്നും പണി തീർത്ത് ഒമ്പത് മാസത്തിനകം ഈ കേന്ദ്രം നഗരസഭക്ക് കൈമാറുവാൻ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിപി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഈ സ്ഥാപനം ആലപ്പുഴക്ക് ഒരു തിലകക്കുറിയായി മാറുമെന്ന് എം എൽ എ പറഞ്ഞു. എച്ച് സലാം എംഎല്‍എ മുഖ്യാതിഥിയായിരുന്നു. സ്ത്രീ ശാക്തീകരണത്തിന് ആലപ്പുഴ വലിയൊരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വനിതകളുടെ ശാക്തീകരണത്തിനായി തൊഴില്‍ പരിശീലന കേന്ദ്രവും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ വിപണന കേന്ദ്രങ്ങളും താമസ സൗകര്യങ്ങള്‍, ഭക്ഷണ കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ച് നാലു നിലകളിലായി 3789.39 സ്‌ക്വയര്‍ മീറ്ററിലാണ് വുമണ്‍ എംപവര്‍മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *