Your Image Description Your Image Description

കൊച്ചി: വിദേശ രാജ്യങ്ങളിലേതുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്നും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത് നൂതനമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ പ്രദാനം ചെയ്യുന്നുണ്ട്. ഭാവിയുടെ വളർച്ചയ്ക്കായി വിദ്യാഭ്യാസ സ്വാതന്ത്ര്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

അമേരിക്ക, യു.കെ, കാനഡ പോലുള്ള രാജ്യങ്ങൾ രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു അനുമതി നിഷേധിക്കുമ്പോൾ ഇന്ത്യ, പ്രത്യേകിച്ചു കേരളം ഈ സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. അൽബാഷ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖല ഉൾപ്പെടെ എല്ലാ രംഗങ്ങളിലും വിജയകരമായ പ്രവർത്തനങ്ങളാണ് കേരളം കാഴ്ച വയ്ക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും. ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസം നിരവധി സാധ്യതകൾ ഉള്ള മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *