Your Image Description Your Image Description

പണം തട്ടാൻ വ്യാജ കൊറിയറി​ന്റെ പേരിൽ യുവാവിന് കോൾ. തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് തട്ടിപ്പുകാർക്കിട്ടൊരു പണി അങ്ങോട്ട് കൊടുത്തു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ വിവിധ വ്യാജ പാസ്പോർട്ടുകളും മയക്കുമരുന്നുകളും അടക്കം നിയമവിരുദ്ധമായ സാധനങ്ങൾ കണ്ടെത്തി എന്ന് പറഞ്ഞ് യുവാവിന് ഒരു കോൾ വന്നു. ഡെൽഹി പൊലീസ് ഉദ്യോഗസ്ഥരായി വേഷമിട്ടുകൊണ്ടാണ് തന്നെ തട്ടിപ്പുകാർ വിളിച്ചത് എന്നാണ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ ശുഭം കുറിച്ചത്. ശുഭത്തിന്റെ പേരിൽ മലേഷ്യയിലേക്ക് അയച്ച ഒരു കൊറിയറിൽ എംഡിഎംഎയും വ്യാജ പാസ്‌പോർട്ടുകളും ഡെബിറ്റ് കാർഡുകളും ഉണ്ടെന്ന് കണ്ടെത്തിയയെന്ന് പറഞ്ഞു കൊണ്ടായിരുന്നു കോൾ വന്നത്.

ഡെൽഹി കസ്റ്റംസ് ഡിപാർട്മെന്റിൽ നിന്നുള്ള സുമിത്ത് മിശ്രയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു കോൾ വന്നത്. തട്ടിപ്പുകാരാണ് എന്ന് മനസിലായിട്ടും ശുഭം തുടർന്നും സംസാരിച്ചു. ഏതെങ്കിലും വിഡ്ഢികൾ സ്വന്തം പേരിൽ ഇതൊക്കെ കൊറിയർ ചെയ്യുമോ എന്നാണ് ശുഭം ചോദിച്ചത്. ഒപ്പം താൻ പൊലീസിൽ ഓൺലൈനായി പരാതി നൽകിയെന്നും പറഞ്ഞു. എന്നാൽ, വിളിച്ചയാൾ താൻ തന്ന നമ്പറിൽ തന്നെ വിളിച്ച് പരാതി നൽകണം എന്ന് പറയുകയായിരുന്നു.

ആ നമ്പറിൽ വിളിച്ചപ്പോൾ സൗത്ത് ഡൽഹിയിലെ പൊലീസ് കമ്മീഷണറാണ് എന്നാണ് എടുത്തയാൾ പറഞ്ഞത്. “ഞാൻ ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ഒരാൾ എടുത്തു എന്നോട് പറഞ്ഞത് താൻ ഡൽഹി പൊലീസിലെ വസന്ത് കുഞ്ചിൽ നിന്നുള്ള ഹെഡ് കോൺസ്റ്റബിൾ സുനിൽ കുമാറാണെന്നാണ്. അയാളെന്നെ വീഡിയോ കോൾ ചെയ്യുമെന്നും കൊറിയർ എന്റെ പേരിലല്ല എന്നുള്ളതിന്റെ എല്ലാ കാര്യങ്ങളും വീഡിയോയിൽ പറയണമെന്നും ആവശ്യപ്പെട്ടു” എന്നും ശുഭം പറയുന്നു.

എന്തായാലും, ഓഫീസിൽ പോകുന്നതിന് പകരം ശുഭം ഈ സമയത്ത് നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. അങ്ങനെ തട്ടിപ്പുകാർ വിളിക്കുമ്പോൾ വീഡിയോ കോൾ എടുത്തത് ഒറിജിനൽ പൊലീസുകാരാണ്. അതോടെ, തട്ടിപ്പുകാരൻ ഫോൺ കട്ട് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

എന്തായാലും, നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇങ്ങനെ വേണം തട്ടിപ്പുകാരോട് ഇടപെടാൻ എന്നാണ് മിക്കവരും പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *