Your Image Description Your Image Description

മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് തേങ്ങ. കേരളത്തിലെ ഒട്ടുമിക്ക എല്ലാ ഭക്ഷണ വിഭവങ്ങളിലും തേങ്ങയുടെ സാന്നിധ്യമുണ്ടാകും. കറി, പലഹാരങ്ങള്‍ തുടങ്ങി എന്തിനും ഏതിലും തേങ്ങയ്ക്ക് സ്ഥാനമുണ്ട്. എന്നാല്‍ നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ആകെ മാറി. അതിന് പ്രധാനകാരണം അസുഖങ്ങള്‍ തന്നെയാണ്. ചിട്ടയില്ലാത്ത ആഹാരക്രമീകരണങ്ങളും വ്യായാമം ഇല്ലാത്തതും ഇന്നത്തെ തലമുറയെ പല അസുഖങ്ങള്‍ക്കും അടിമകളാക്കി.

ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകള്‍ക്കും കൊളസ്‌ട്രോള്‍ ഉണ്ട്. പ്രായം പോലും ഈ അവസ്ഥയ്ക്ക് ഇല്ലെന്നതാണ് സത്യം. നമ്മുടെ ഭക്ഷണ രീതികളാണ് ഇതിന് പ്രധാന കാരണമാകുന്നത്. ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം വ്യായാമവും അനിവാര്യം തന്നെ. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി എണ്ണ ഉപയോഗം കുറയ്ക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി എണ്ണ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനോടൊപ്പം തേങ്ങയോടും നോ പറയാറുണ്ട്. എന്നാല്‍ തേങ്ങ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകുമോ?

എന്നാല്‍, ഫിനോള്‍ ധാരാളമായി അടങ്ങിയിട്ടുള്ള തേങ്ങ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഓക്‌സിഡേറ്റീവ് കേടുപാടുകള്‍ കുറച്ച് കോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നു. ഇതുവഴി ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും.

തേങ്ങ മാത്രമല്ല, വെളിച്ചെണ്ണയും ഇതേ ഗുണം നല്‍കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഉപയോഗിക്കുന്ന രീതിയിലാണ് ശ്രദ്ധിക്കേണ്ടത്. വറുത്തും പൊരിച്ചും ചൂടാക്കിയും ഇവ ഉപയോഗിക്കുമ്പോള്‍ ഗുണം നഷ്ടപ്പെടുന്നു. തേങ്ങയും വെളിച്ചെണ്ണയും ശരിയായ രീതിയില്‍ ഉപയോഗിക്കുന്നത് വഴി ശരീരത്തിലെ അഗ്നിയെ ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് വഴി കൊളസ്‌ട്രോള്‍ കുറയും.

മിതമായ അളവില്‍ വെളിച്ചെണ്ണ ശരീരത്തിലെത്തുന്നത് കൊളസ്‌ട്രോള്‍ കുറയുന്നതിന് വഴിവെക്കും. വറുത്തും പൊരിച്ചും ചൂടാക്കിയുമല്ലാതെ വിഭവങ്ങളില്‍ വെറുതെ ഒഴിച്ച് വെളിച്ചെണ്ണ കഴിക്കാവുന്നതാണ്. ശുദ്ധമായ വെളിച്ചെണ്ണ ശരീരത്തിലെത്തുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്.

മാത്രമല്ല, തേങ്ങാപ്പാലിനേക്കാള്‍ നല്ലത് തേങ്ങ അതേ രൂപത്തില്‍ കഴിക്കുന്നതാണ്. പാലാക്കുന്ന സമയത്ത് നാരുകള്‍ കുറയുന്നു. ഇതുകൂടാതെ തേങ്ങ അരച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന വെള്ളപ്പം പോലുള്ള പലഹാരങ്ങളും നല്ലതല്ല. തേങ്ങ കറികളില്‍ വറുത്തരച്ച് ഉപയോഗിക്കുന്ന രീതിയും നല്ലതല്ല, തേങ്ങ വറുക്കുമ്പോള്‍ ജലാംശം നഷ്ടപ്പെട്ട് ആരോമാറ്റിക് പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണുകള്‍ ഉണ്ടാകുന്നു.

വറുക്കുന്ന തേങ്ങ ചുവന്ന നിറമാകുന്നത് കാര്‍ബണ്‍ കോമ്പിനേഷനാണ്. ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വറുത്തരയ്ക്കുമ്പോള്‍ തേങ്ങയുടെ ഗുണം നഷ്ടപ്പെടുക മാത്രമല്ല, കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *