Your Image Description Your Image Description

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്വർണ ഖനിയിൽ അനധികൃതമായി ഖനനം ചെയ്ത 100ഓളം പേർ മരിച്ചതായി റിപ്പോർട്ട്. 500ഓളം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. സ്വർണം തേടി ഖനിയിലിറങ്ങിയവർ മാസങ്ങളോളമാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടന്നത്. ഇവർ പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ ആണ് മരിച്ചതെന്നാണ് അധികൃതർ പറയുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഖനിയിൽ നിന്ന് 18 മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു. 26 പേരെ രക്ഷിക്കുകയും ചെയ്തു. എത്ര മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും എത്ര പേരെ രക്ഷിച്ച് പുറത്തെത്തിച്ചുവെന്നും സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് വക്താവ് ബ്രിഗ് സെബാറ്റ മോക്‌വാബോൺ പറഞ്ഞു.

വെള്ളിയാഴ്ച രക്ഷപ്പെടുത്തിയ ഖനിത്തൊഴിലാളികളുടെ പക്കൽ നിന്ന് ലഭിച്ച ഒരു മൊബൈൽ ഫോണിൽ നിരവധി മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകൾ ഉണ്ടായിരുന്നുവെന്ന് ആക്ഷൻ ​ഗ്രൂപ്പിലെ മൈനിംഗ് അഫക്ടഡ് കമ്മ്യൂണിറ്റീസ് യുണൈറ്റഡിൻ്റെ വക്താവ് സബെലോ എംഗുനി പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ അനധികൃത ഖനനം സാധാരണമാണ്. കമ്പനികൾ ലാഭകരമല്ലാത്ത ഖനികൾ അടച്ചു പൂട്ടുകയും ഖനിത്തൊഴിലാളികളുടെ ഗ്രൂപ്പുകൾ അനധികൃതമായി അവയിൽ പ്രവേശിച്ച് അവശേഷിക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇവർ ആവശ്യമുള്ള ഭക്ഷണം, വെള്ളം, ജനറേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഒപ്പം കൊണ്ടുപോകുകയാണ് ചെയ്യാറ്. എന്നാൽ, ഈ സംഭവത്തിൽ അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഖനിയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *