Your Image Description Your Image Description
Your Image Alt Text

ഗസ്സ: ഇസ്രായേൽ​ അധിനിവേശ സേന രണ്ട് ക്രിസ്ത്യൻ വനിതകളെ വെടിവെച്ചു​കൊന്ന ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു. കൊലപാതകം നടന്ന ​കഴിഞ്ഞ ശനിയാഴ്ച മുതൽ സൈന്യം വളഞ്ഞ ചർച്ചിനുള്ളിൽ കുടുങ്ങിയ നൂറുകണക്കിന് വിശ്വാസികളിൽ ജെറീസ് സയേഗ് എന്നയാളാണ് മരിച്ചത്. ​

ഇദ്ദേഹത്തിന്റെ മകനും ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനുമായ വാഷിംഗ്ടൺ ഡിസിയിൽ താമസിക്കുന്ന ഖലീൽ സയേഗാണ് മരണവിവരം പുറത്തുവിട്ടത്. കൊല്ല​പ്പെട്ട സ്ത്രീകളെ രക്ഷിക്കുന്നതിനിടെ വെടിയേറ്റ ഏഴുപേരിൽ ഒരാൾ ചികിത്സ ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട് ചർച്ചിൽ തന്നെ കഴിയുകയാ​ണെന്നും അദ്ദേഹം അറിയിച്ചു.

‘എന്റെ പിതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ, പട്ടിണിക്കിട്ടും വൈദ്യസഹായം നിഷേധിച്ചും സാധാരണക്കാരെ കൊല്ലാക്കൊല ചെയ്യുന്ന ശത്രുവിനെതിരെ പോരാടുന്ന ഗസ്സയിലെ എന്റെ കുടുംബത്തെ കാണുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ക്രിസ്തുവിനെ മാതൃകയായി സ്വീകരിച്ച എന്റെ അച്ഛൻ എല്ലാവരേയും സ്നേഹിക്കാനും ക്ഷമിക്കാനും ജീവിതത്തിൽ ഒരിക്കലും പ്രതികാരത്തിന് ഇടം നൽകാതിരിക്കാനുമാണ് പഠിപ്പിച്ചത്.

ഏത് കഠിനവും വേദനാജനകവുമായ സാഹചര്യത്തിലും ഈ തത്ത്വങ്ങൾ പാലിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു’ – ഖലീൽ സയേഗ് എക്സിൽ കുറിച്ചു. ഇസ്രായേൽ സൈന്യം ചർച്ച് ഉപരോധം തുടരുകയാണെന്നും പ്രായമായവരും നിത്യരോഗികളും ഉൾപ്പെടെ അകത്തുള്ള ആർക്കും വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ വംശീയ ഉന്മൂലനം നടത്തുകയാണെന്നും പ്രദേശം പൂർണമായും കൈവശപ്പെടുത്താനാണ് അവരുടെ പദ്ധതിയെന്നും അദ്ദേഹം കൂടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *