Your Image Description Your Image Description

ദില്ലി: അതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിക്കുന്ന ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

4,156 കിലോമീറ്റര്‍ ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ബംഗ്ലാദേശ് ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ്, ഇന്ത്യന്‍ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെ ഇന്നലെ വിളിച്ചുവരുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്. അതിര്‍ത്തിയിലെ വിഷയങ്ങൾക്കായി നിലവിലുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനമാണ് അതിർത്തി വേലിയിലെ ഇന്ത്യൻ നടപടി എന്നാണ് ബംഗ്ലാദേശ് അവകാശപ്പെടുന്നത്. ഈക്കാര്യത്തിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നുറൽ ഇസ്ലാമിനെ വിദേശകാര്യമന്ത്രാലയം ഇന്നുച്ചയ്ക്ക് വിളിച്ചു വരുത്തിയത്. ആരോപണങ്ങളിൽ ഇന്ത്യ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ഷെയ്ക് ഹസീന സർക്കാരിന്റെ വീഴ്ച്ചയോടെയാണ് ബംഗ്ലാദേശുമായുള്ള ബന്ധത്തിൽ വന്ന വിളളലിന്‍റെ തുടർച്ചയാണിത്.
അതിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ബംഗ്ലാദേശുമായി മികച്ച സൈനിക സഹകരണമുണ്ടെന്നുമാണ് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. അയൽക്കാർ എന്ന നിലയിൽ ബംഗ്ലാദേശ്, ഇന്ത്യക്ക് വളരെ പ്രധാന്യമുള്ള രാജ്യമാണ്. ബംഗ്ലാദേശ് സൈന്യവുമായി നിലവിൽ സഹകരണം തുടരുന്നുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വന്നാലെ മറ്റ് ചർച്ചകൾക്ക് സാധ്യതയുള്ളൂ എന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *