Your Image Description Your Image Description

ഈരാറ്റുപേട്ട: വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യഹർജി നൽകി പി.സി.ജോർജ്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയിലെടുത്ത കേസിലാണ് ജാമ്യ ഹർജി നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിദ്വേഷ പ്രസ്താവനയിൽ പി.സി.ജോർജ് മാപ്പുപറഞ്ഞതാണെന്നും ഷോൺ ജോർജ് പറഞ്ഞു. അതിലപ്പുറം എന്താണ് ഒരാൾക്ക് ചെയ്യാനാവുകയെന്നും ചോദിച്ചു.

പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്. എന്നാൽ മാപ്പ് അം​ഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്. നല്ലവരായ, ഈ രാജ്യത്തെ സ്നേഹിക്കുന്ന ഇസ്ലാം സഹോദരങ്ങളെ അതിന് എതിരാക്കുക എന്ന വലിയ അജണ്ട ഇത്തരക്കാർക്കുപിന്നിലുണ്ട്. യഥാർത്ഥത്തിൽ അവർ ചെയ്യുന്നതാണ് ഈ നാട്ടിൽ മത സ്പർധ വളർത്തുന്ന പ്രവർത്തനം. രാഷ്ട്രീയപ്പാർട്ടിയുടെ അം​ഗമെന്ന നിലയിലും രാജ്യസ്നേഹി എന്ന നിലയിലും നിയമപരമായി അതിനെ നേരിട്ടേ മതിയാവൂ. അത് ചെയ്യും -ഷോൺ ജോർജ് പറഞ്ഞു.

ജനുവരി ആറിനുനടന്ന ചാനൽ ചർച്ചയിൽ പി.സി. ജോർജ് പറഞ്ഞത് ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാകിസ്താനിലേക്ക് പോകണമെന്നുമാണ്. അത് കൂടാതെ തന്നെ തോൽപ്പിച്ചത് ഈരാറ്റുപേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണെന്നും അദ്ദേഹം ചർച്ചയിൽ ആരോപിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ യൂത്ത് ലീ​ഗ് കമ്മിറ്റിയുൾപ്പെടെ വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *