Your Image Description Your Image Description

തിരുവനന്തപുരം: നിലമ്പൂർ എംഎഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവെച്ചു. ഇന്നു രാവിലെ സ്പീക്കറെ കണ്ടാണ് പി വി അൻവർ രാജിക്കത്ത് കൈമാറിയത്. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അൻവർ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അൻവർ നിയമസഭാം​ഗത്വം രാജിവെച്ചത്.

തൃണമൂൽ കോൺ​ഗ്രസിൽ ചേരുന്നതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോ​ഗ്യനായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് അൻവർ നിയമസഭാം​ഗത്വം രാജിവെച്ചത്. അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. പിന്നാലെയാണ്, പ്രധാന വിഷയം അറിയിക്കാൻ ഇന്നു രാവിലെ ഒമ്പതരക്ക് വാർത്താസമ്മേളനം നടത്തുമെന്നറിയിച്ചത്.

തൃണമൂലിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കോഓർഡിനേറ്റർ സ്ഥാനം ഏറ്റെടുത്തെങ്കിലും പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് അൻവറിന്റെ നിലപാട്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ. എന്നാൽ, അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു.

എംഎൽഎ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മമത നിർദേശം നൽകിയെന്നാണ് അൻവറിനോട് അടുപ്പമുള്ളവർ പറയുന്നത്. ഉപതിരഞ്ഞെടുപ്പു പോരാട്ടം പാർട്ടിക്കു സംസ്ഥാനത്തു കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. പാർട്ടിയെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച തീരുമാനം വേഗത്തിലെടുക്കാൻ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനെ നിർബന്ധിതമാക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആകാമെന്ന നിലപാടാണു യുഡിഎഫ് അൻവറിനെ അറിയിച്ചത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു വരികയും അൻവർതന്നെ മത്സരിക്കുകയും ചെയ്താൽ യുഡിഎഫിനു രണ്ടിലൊന്നു തീരുമാനിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *