Your Image Description Your Image Description

ഗസ്സ: ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു. സ്‌പെഷ്യൽ റെസ്‌ക്യൂ ടാക്‌റ്റിക്കൽ യൂണിറ്റിലെ ലെഫ്റ്റനന്റ് തൽ ഷുവ, എഞ്ചിനീയറിങ് ബറ്റാലിയനിലെ മേജർ ജനറൽ ഷായ് അയേലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. തൽ ഷുവ വടക്കൻ ഗസ്സയിലും ഷായ് അയേലി തെക്കൻ ഗസ്സയിലുമാണ് വധിക്കപ്പെട്ടത്.

മൂന്ന് ഇസ്രായേലി സൈനികർക്ക് ഗുരുതര പരിക്കേറ്റതായും സൈന്യം അറിയിച്ചു. ഇതിൽ രണ്ട് പേർക്ക് തെക്കൻ ഗസ്സയിൽ നടന്ന പോരാട്ടത്തിലും ഒരാൾക്ക് വടക്കൻ ഗസ്സയിൽവെച്ചുമാണ് പരിക്കേറ്റത്. ഇന്നലെ മൂന്നുസൈനികർ കൊല്ലപ്പെട്ടിരുന്നു. 19 വയസ്സുകാരനായ സർജൻറ് ലവി ഘാസി, 20 വയസ്സുകാരനായ ലെഫ്റ്റനന്റ് യാക്കോവ് എലിയാൻ, 21 വയസ്സുകാരനായ ലെഫ്റ്റനന്റ് ഒമ്രി ഷ്വാർട്സ് എന്നിവരാണ് ​​ഇന്നലെ കൊല്ല​പ്പെട്ടത്.

എല്ലാവരും വടക്കൻ ഗസ്സയിൽ ഹമാസുമായി നടന്ന ഏറ്റുമുട്ടലിലാണ് മരിച്ചതെന്ന് ഐ.ഡി.എഫ് അറിയിച്ചു. ഗസ്സയിൽ കരയുദ്ധം തുടങ്ങിയ ശേഷം ഇതിനകം കുറഞ്ഞത് 138 സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പറയുന്നത്. 5000ലേറെ ​സൈനികർക്ക് പരിക്കേറ്റു. ഇതിൽ 2000ലേറെ പേർ വികലാംഗരായതായും ഐ.ഡി.എഫ് അറിയിച്ചിരുന്നു.

അതിനിടെ, ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാർക്കും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭാര്യമാർക്കും വിവാഹമോചന നടപടികൾ എളുപ്പമാക്കാൻ പ്രത്യേക മതകോടതി (റബ്ബിനിക്കൽ കോടതി) ഇസ്രായേൽ രൂപവത്കരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *