Your Image Description Your Image Description

ഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് ഏറ്റവും കുറവ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ ന്യായ സംഹിതക്ക് കീഴില്‍ 21 കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അവയിലൊന്ന് ആള്‍ക്കൂട്ട കൊലപാതകമാണ്. കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമില്ലെന്നും കൊലപാതകത്തെ രൂക്ഷമായി തന്നെ നേരിടുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കുകയും ഇന്ത്യന്‍ ചിന്താഗതിയില്‍ അധിഷ്ഠിതമായ നീതി ന്യായ വ്യവസ്ഥ സ്ഥാപിക്കുകയുമാണ് പുതിയ ക്രിമിനല്‍ നിയമങ്ങളുടെ ലക്ഷ്യം. പുതിയ നിയമങ്ങള്‍ ക്രിമിനല്‍ നീതി ന്യായ വ്യവസ്ഥയിലെ പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഭാരതീയ ന്യായ സംഹിതയില്‍ നിന്ന് രാജ്യദ്രോഹനിയമത്തെ ഒഴിവാക്കുമെന്നും ഷാ പറഞ്ഞു. രാജ്യദ്രോഹ നിയമം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ്, നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ ദിവസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നത് ഈ നിയമപ്രകാരമാണെന്നും പുതിയ ബില്ലുകള്‍ നീതിക്കാണ് ലക്ഷ്യമിടുന്നതെന്നും ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *