Your Image Description Your Image Description

കോഴിക്കോട്: പുതുതായി നിര്‍മിക്കുന്ന വീട്ടിൽ ശുചിമുറിക്ക് കുഴിയെടുത്തപ്പോൾ കണ്ടത് ചെങ്കല്‍ ഗുഹയും മഹാശിലായുഗത്തിലെ പുരാവസ്തു ശേഖരവും. പേരാമ്പ്ര ചേനോളി കളോളിപ്പൊയിലില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്‍ പുതുതായി പണിത വീടിനോട് ചേര്‍ന്നാണ് ചെങ്കല്‍ ഗുഹയും പുരാവസ്തുക്കളും കണ്ടെത്തിയത്. ഗുഹയുടെ വാതിൽ ചെങ്കല്‍ പാളികൊണ്ട് മൂടിയ നിലയിലായിരുന്നു. ഗുഹ പരിശോധിച്ചപ്പോള്‍ രണ്ട് അറകളും ഉള്ളതായി കണ്ടെത്തി.

ശിലാപാളി നീക്കിയപ്പോഴാണ് ചെത്തിമിനുക്കി ട്യൂബ് ആകൃതിയില്‍ നിര്‍മിച്ച ഗുഹക്കുള്ളില്‍ മണ്‍ പാത്രങ്ങങ്ങളും ഇരുമ്പുപകരണങ്ങളും കണ്ടത്. തുടര്‍ന്ന് നൊച്ചാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും റിട്ട. അധ്യാപകനുമായ കെടി ബാലകൃഷ്ണന്‍ വിവരമറിയിച്ചു. തുടര്‍ന്ന് പുരാവസ്തു ഗവേഷകന്‍ പ്രൊഫ. കൃഷ്ണരാജും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. 2000 മുതല്‍ 2500ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃതദേഹം സംസ്‌ക്കരിക്കാന്‍ നിര്‍മിച്ച ചെങ്കല്‍ ഗുഹയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.

മലബാര്‍ ഭാഗങ്ങളില്‍ മാത്രമേ ഇത്തരം ഗുഹകള്‍ കാണാറുള്ളു എന്നാണ് ഗവേഷകർ പറയുന്നത്. ഇവിടെ കണ്ടെത്തിയ ഗുഹക്ക് ഒറ്റ ചേംബര്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്നും പ്രൊഫ. കൃഷ്ണരാജ് പറഞ്ഞു. സമാന രീതിയിലുള്ള കല്ലറകള്‍ സമീപത്തു തന്നെ കണ്ടെത്താനാകുമെന്നാണ് പുരാവസ്തു ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥലത്ത് ഉത്ഖനനം നടത്താനാണ് സംഘത്തിന്റെ തീരുമാനം. അടുത്തിടെ അരിക്കുളം പഞ്ചായത്തിലെ കാളിയത്ത് മുക്കിലും ഇത്തരം ചെങ്കല്ലറകള്‍ ഗവേഷകർ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *