Your Image Description Your Image Description

മേഘാലയയിലെ തികച്ചും വ്യത്യസ്തമായ ഒരു ​ഗ്രാമം. കോങ്തോങ് എന്ന ഈ ​ഗ്രാമത്തി​ന്റെ പ്രത്യേകത അവിടെയുള്ളവരുടെ പേരാണ്. ലോകത്ത് ഒരിടത്തുമില്ലാത്ത പ്രത്യേകതയാണ് ഇവരുടെ പേരിലുള്ളത്. ഈ വ്യത്യസ്തമായ ​ഗ്രാമത്തെ നമുക്ക് പരിചയപ്പെടുത്തിത്തരുകയാണ് ഒരു സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ.

മേഘാലയയിലാണ് ഈ മനോഹരമായ ​ഗ്രാമം ഉള്ളത്. കോങ്തോങ് എന്ന ഈ ​ഗ്രാമം അറിയപ്പെടുന്നത് അവിടെയുള്ളവരുടെ പേരുകളുടെ പ്രത്യേകത കൊണ്ടാണ്. ഇവരുടെ പേരുകൾ നമ്മുടേത് പോലെയല്ല. ഓരോ ഈണങ്ങളാണ്. ചൂളംവിളി പോലെയുള്ള ഈ ഈണങ്ങളാണ് ഇവിടെ ഓരോരുത്തർക്കും പേരായിട്ടുള്ളത്. അതിനാൽ ഈ ​ഗ്രാമം അറിയപ്പെടുന്നത് തന്നെ ‘വിസിലിം​ഗ് വില്ലേജ്’ എന്നാണ്.

ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ നേഹ റാണയാണ് ഈ ​ഗ്രാമത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിങ്ങൾ കോങ്തോങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടുത്തെ ഓരോരുത്തരും ഓരോ പ്രത്യേക ഈണത്തിലാണ് അറിയപ്പെടുന്നത്. തലമുറകളായി തുടരുന്ന പാരമ്പര്യമാണ് ഇത് എന്നാണ് അവൾ തന്റെ പോസ്റ്റിൽ പറയുന്നത്.

നേഹ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ അവൾ ആ നാട്ടിലെ ആളുകളോട് സംസാരിക്കുന്നതും കാണാം. ഓരോരുത്തരോടും അവൾ പേര് ചോദിക്കുന്നുണ്ട്. അവർ തങ്ങളുടെ പേര് പറയുന്നു. മുതിർന്നവർക്ക് മുതൽ‌ കൊച്ചുകുട്ടികൾക്ക് വരെ ഇങ്ങനെ ഓരോ ഈണത്തിലുള്ള പേരുകൾ ഉണ്ടെന്ന് ഇതിൽ കാണാം.

600-700 പേർ താമസിക്കുന്ന ​ഗ്രാമത്തിൽ ഒരിക്കൽ പോലും ഒരാളുടെ പേരായി കണക്കാക്കുന്ന ഈണം ആവർത്തിച്ച് വരുന്നില്ല എന്നതാണ് മറ്റൊരു അവിശ്വസനീയമായ കാര്യം.

‘ജിംഗർവായ് ലോബെയ്’ (Jingrwai lawbei) എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഒരമ്മയ്ക്ക് തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനോടുള്ള സ്നേഹമായിക്കൂടി ഇത് അറിയപ്പെടുന്നു. കുഞ്ഞിനെ ​ഗർഭം ധരിച്ചിരിക്കുമ്പോൾ തന്നെ അമ്മ ഈ ഈണം ഉണ്ടാക്കിയെടുക്കുന്നു. പിന്നീട്, കുഞ്ഞുങ്ങൾ പിറന്നുവീഴുമ്പോൾ മുതൽ ആ ഈണത്തിൽ അവരെ വിളിക്കുന്നു. അങ്ങനെ അതവരുടെ പേരായി മാറുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *