Your Image Description Your Image Description

മുംബൈ: നിർത്തലാക്കിയ 2000 രൂപ നോട്ടുകളിൽ 98.12 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസർവ് ബാങ്ക്. 6,691 കോടി രൂപവരുന്ന 2000 രൂപയുടെ കറൻസി നോട്ടുകൾ മാത്രമാണ് ഇനി തിരികെ എത്താനുള്ളത്.

2023 മെയ് 19 നാണ് 2000 രൂപയുടെ കറൻസി നോട്ടുകളുടെ വിനിമയം നിർത്തലാക്കുകയാണെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.2023 മേയ് 19 ലെ കണക്കനുസരിച്ച് 3.56 ലക്ഷം കോടി 2000 രൂപ നോട്ടുകളാണ് വിപണിയിൽ വിനിമയത്തിലുണ്ടായിരുന്നത്. ഇത് 2024 ഡിസംബർ 31 ആയപ്പോഴേക്കും 6691 കോടിയായി കുറഞ്ഞു.

2023 ഒക്ടോബർ 23 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകൾ വഴി മാറ്റിയെടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നേരിട്ട് റിസർവ് ബാങ്ക് ഓഫീസുകളിൽ മാത്രമേ 2000 രൂപ നോട്ടുകൾ സ്വീകരിക്കൂ. അല്ലാത്ത പക്ഷം അവ എവിടെയും ഉപയോഗിക്കാനാവില്ല.രാജ്യത്ത് എവിടെ നിന്നും തപാൽ ഓഫീസുകൾ വഴി 2000 രൂപ നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി റിസർബാങ്ക് ഓഫീസുകളിലേക്ക് അയക്കാനുള്ള സൗകര്യം ലഭ്യമാണ്.
തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളുരു, ബെലാപുർ, ഭോപാൽ, ഭുവനേശ്വർ, ചാണ്ഡീഗഡ്, ചെന്നൈ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പു‌ർ, പാറ്റ്ന, ജമ്മു, കാൺപുർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്‌പൂർ, ന്യൂഡൽഹി എന്നിവിടങ്ങളിലെ റിസർവ് ബാങ്ക് ഓഫീസുകൾ വഴി 2000 രൂപ നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മറ്റ് കറൻസികളായി മാറ്റിയെടുക്കാനോ സാധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *