Your Image Description Your Image Description

തിരുവനന്തപുരം: മാലിന്യനീക്കത്തിൽ റെയിൽവെക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യുന്ന സംഭവത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ലെന്ന് ആര്യ രാജേന്ദ്രൻ വിമ‍ർശിച്ചു. നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നതെന്നും മേയര്‍ ആരോപിച്ചു.

റെയിൽ നീർ കുപ്പി ഉൾപ്പെടെ മാലിന്യത്തിൽ നിന്ന് ലഭിക്കുന്നു. നോട്ടീസ് നൽകിയപ്പോൾ ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. പിന്നീടാണ് മാലിന്യം നീക്കം ചെയ്തത്. എന്നാൽ മാലിന്യം മാറ്റിയാൽ മാത്രം പോരെയെന്നും അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും മേയര്‍ പ്രതികരിച്ചു. റെയിൽവേ വീണ്ടും മാലിന്യ നിക്ഷേപം നടത്തി. കഴിഞ്ഞ ദിവസവും അത് ആവർത്തിച്ചു. പത്ത് ലോഡ് മാലിന്യങ്ങൾ റെയിൽവേ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചു. ഇത് സംബന്ധിച്ച് പൊലീസ് സഹായത്തോടെ എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തു. വിശദീകരണം തേടി നോട്ടീസ് നൽകിയിരുന്നു എന്നാൽ ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ലയെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

കേന്ദ്ര സർക്കാർ ഭാഗമായ സ്ഥാപനത്തിൽ നിന്ന് തുടർച്ചയായ ഈ പ്രവണത ഗുരുതര വിഷയമാണ്. നഗരസഭ മറ്റു നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് തീരൂമാനം. റെയിൽവേയുടെ തെറ്റായ നടപടികൾ കോടതിയുടെ മുന്നിൽ കൊണ്ടുവരും. നിയമ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്ന ഈ പ്രവണത ശരിയല്ല. തെറ്റ് തിരുത്താനുള്ള ശ്രമം ഉണ്ടാവണമെന്നും മേയര്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *