Your Image Description Your Image Description
Your Image Alt Text

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അപകടത്തിൽ അഗ്നിഗോളമായ കോസ്റ്റ്ഗാർഡ് വിമാനത്തിന് ടേക്ക് ഓഫിനുള്ള അനുമതി നൽകിയിരുന്നില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിലെ റണ്‍വേയിലുണ്ടായ അപകടത്തിൽ കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 400ഓളം യാത്രക്കാരുമായി എത്തിയ യാത്രാവിമാനവുമായാണ് കോസ്റ്റ്ഗാർഡിന്റെ വിമാനം കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെ എയർ ട്രാഫിക് കണ്‍ട്രോൾ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായത്. ജപ്പാന്‍ എയർലൈനിന്റെ എയർബസ് എ 350 ന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ കോസ്റ്റ്ഗാർഡിന്റെ ബൊംബാർഡിയർ ഡാഷ് 8 വിമാനത്തിന് ടേക്ക് ഓഫിനുള്ള അനുമതി നൽകിയിരുന്നില്ല. 34 ആർ എന്ന റണ്‍വേയിലാണ് ലാന്‍ഡിംഗിന് അനുമതി നൽകിയത്. സി5 എന്ന പോയിന്റിൽ നിർത്തിയിടാനായിരുന്നു കോസ്റ്റ് ഗാർഡ് വിമാനത്തിന് നൽകിയ നിർദേശം. ഈ നിർദേശം കോസ്റ്റ്ഗാർഡ് വിമാനം സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് എയർ ട്രാഫിക് കണ്‍ട്രോൾ ട്രാന്‍സ്ക്രിപ്ററ് വിശദമാക്കുന്നത്. ഈ ട്രാന്‍സ്ക്രിപ്റ്റ് കോസ്റ്റ്ഗാർഡ് വിമാനത്തിലെ ക്യാപ്റ്റന്റെ മൊഴികളിൽ നിന്ന് വ്യത്യസ്തമാണ്. അപകടത്തിൽ കോസ്റ്റഗാർഡ് വിമാനത്തിൽ നിന്ന് ആകെ രക്ഷപ്പെട്ടത് ക്യാപ്റ്റന്‍ മാത്രമായിരുന്നു.

ചൊവ്വാഴ്ച ജപ്പാൻ സമയം വൈകുന്നേരം 5.47 നാണ് അപകടമുണ്ടായത്. വടക്കൻ ജപ്പാനിലെ ഹോക്കയിഡോ ദ്വീപിൽ നിന്ന് 379 പേരുമായി യാത്ര തിരിച്ച ജപ്പാൻ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് എ 350 വിമാനം ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി  റൺവേയിൽ വച്ചാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വിമാനങ്ങള്‍ക്കും തീപിടിച്ചു. ജപ്പാൻ എയർലൈൻസ് വിമാനത്തിൽ ഉണ്ടായിരുന്ന എട്ട് കുട്ടികൾ അടക്കം 367 യാത്രക്കാർ ആദ്യവും 12 ജീവനക്കാർ പിന്നാലെയുമായി കത്തുന്ന വിമാനത്തിൽ നിന്ന് സാഹസികമായി പുറത്തിറങ്ങിയിരുന്നു. എന്നാൽ കോസ്റ്റ്ഗാർഡ് വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേര്‍ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *