Your Image Description Your Image Description

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത് നടക്കുന്ന കരപ്പുറം കാര്‍ഷിക കാഴ്ച പ്രദര്‍ശന വിപണന മേളയില്‍ കതിര്‍ പോര്‍ട്ടലിലും ആപ്പിലും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. സ്റ്റാള്‍ നമ്പര്‍ 39 ലാണ് കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൃഷി വകുപ്പ് തയ്യാറാക്കിയ പ്ലാറ്റ്‌ഫോമാണ് കതിര്‍ (കേരള അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ഹബ്ബ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റെപ്പോസിറ്ററി). കര്‍ഷകര്‍ക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോര്‍ട്ടലാണ് കതിര്‍.

കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകള്‍ നല്‍കുക വഴി അപകട സാധ്യത കുറക്കുക, കര്‍ഷകര്‍ക്ക് കൃഷി സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉപദേശ സേവനങ്ങളും സമയോചിതമായി നല്‍കുക, വ്യത്യസ്ത കാര്‍ഷിക ആവാസ വ്യവസ്ഥകളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും, കാര്‍ഷിക വിവരങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിനും കൃത്രിമ ബുദ്ധി, റിമോട്ട് സെന്‍സിംഗ് എന്നിവയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുക, കാലാവസ്ഥാധിഷ്ഠിതമായ തരത്തില്‍ അനുയോജ്യമായ വിള കണ്ടെത്തുക, വിള വിസ്തീര്‍ണ്ണം, വിളവ് എന്നിവ കണക്കാക്കല്‍, കാര്‍ഷിക യന്ത്രവല്‍ക്കരണവും മനുഷ്യ വിഭവശേഷി ലഭ്യതയും മനസ്സിലാക്കി മികച്ച ആസൂത്രണത്തിലൂടെ ആവശ്യാനുസരണം അവ ലഭ്യമാക്കുക, സര്‍ക്കാര്‍ അനുകൂല്യങ്ങളുടെയും പദ്ധതികളുടെയും ഫലപ്രദമായ നടപ്പാക്കലും നിരീക്ഷണവും എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അവ നേടുന്നതിനും ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കതിര്‍ സംവിധാനം പ്രവര്‍ത്തിക്കും. കര്‍ഷകര്‍ക്ക് വളരെ എളുപ്പത്തിലും സുതാര്യമായും സമയോചിതമായും സേവനങ്ങള്‍ എത്തിക്കുവാനും ഒരുക്കിയ കതിര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രദര്‍ശനം അവസാനിക്കുന്ന ഈ മാസം 29 വരെ കൃഷിവകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് വേണ്ടി ഗുണഭോക്താവായ കര്‍ഷകന്റെ ആധാര്‍ കാര്‍ഡും പി എന്‍ കിസാന്‍ സൈറ്റില്‍ കൊടുത്തിരിക്കുന്ന നമ്പറുള്ള മൊബൈല്‍ ഫോണും കൊണ്ടുവരേണ്ടതാണ്. ഈ സേവനം എല്ലാ കര്‍ഷകരുംപരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *