Your Image Description Your Image Description

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണ് എം ടിയുടെ ചിത്രങ്ങളിലെ വേഷമെന്ന് മനോജ് കെ ജയൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് മനോജ് കെ ജയൻ വിഖ്യാത സാഹിത്യകാരനെ അനുസ്മരിച്ചത്.

ഒരു വേഷമുണ്ടെന്നും മംഗലാപുരത്തേക്ക് വരണമെന്നാണ് പെരുന്തച്ചൻ സിനിമയുടെ പ്രൊഡ്യൂസർ വിളിച്ച് ആവശ്യപ്പെട്ടത്. പെരുന്തച്ചൻ എംടി സാറിന്റെ തിരക്കഥയിലുളളതാണെന്നും വലിയ നടന്മാർ ചെയ്യണമെന്ന് കരുതി വെച്ച വേഷമാണെന്നും നിങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് ചില സിനിമാ സുഹൃത്തുക്കൾ പറഞ്ഞതിനാലാണ് വിളിച്ചതെന്നും പ്രൊഡ്യൂസർ അറിയിച്ചു. അതിനൊപ്പം എംടി സാറിന് ഇഷ്ടപ്പെട്ടാൽ മാത്രമേ ആ വേഷം കിട്ടൂവെന്നും ചിലപ്പോൾ മടങ്ങിപ്പോകേണ്ടി വരുമെന്നും പറഞ്ഞിരുന്നു.

എം.ടി. സാറിന്റെ ഒരു സ്‌ക്രിപ്റ്റിന് വിളിച്ചുവെന്നെങ്കിലും പറയാമല്ലോ തിരിച്ച് പോകേണ്ടിവന്നാലും കുഴപ്പമില്ലെന്ന് മനസിൽ കരുതി തന്നെയാണ് പോയത്. മംഗലാപുരത്ത് എത്തി 3 ദിവസം കാത്തിരുന്നു. എംടി സാർ എത്തിയിരുന്നില്ല. എംടി സാർ എത്തുന്നതിന് തലേ ദിവസം ആ സിനിമയിലെ ഒരു വേഷം നെടുമുടി വേണുച്ചേട്ടന്റെ കൂടെ അഭിനയിച്ച് നോക്കി. പിറ്റേ ദിവസം എംടി സാറെത്തി. ചില സീനുകൾ ചെയ്യുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ കസേരയിട്ട് ബീഡിയും വലിച്ചിരിക്കുന്ന അദ്ദേഹത്തെ ഞാൻ കണ്ടത്.

ഓരോ സീനെടുക്കുമ്പോഴും ഞാനദ്ദേഹത്തെ നോക്കും. പ്രത്യേകിച്ച് ചിരിയോ അഭിനന്ദനമോ ആ മുഖത്തുണ്ടായിരുന്നില്ല. അതോടെ പരിപാടി കഴിഞ്ഞു, തിരികെ പോകേണ്ടി വരുമെന്ന് ഞാൻ കരുതി. സീനെടുത്ത് കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ പോയി കണ്ടു. സാർ മനോജ് കെ ജയനാണ്. രാവിലെ അഭിനയിച്ച ആളാണെന്ന് പറഞ്ഞു. ഞാൻ കണ്ടിരുന്നു. നന്നായി ചെയ്തിട്ടുണ്ട്. നല്ല വേഷമാണ്. നന്നായി ചെയ്യുക എന്ന് പറഞ്ഞ് എംടി സാർ അനുഗ്രഹിച്ചു.

പെരുന്തച്ചന് ശേഷം, പരിണയം, സുകൃതം, കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിച്ചു. ആ മനസിലൊരു ഇടം ഉണ്ടാക്കിയത് കൊണ്ടാകണം അദ്ദേഹത്തിന്റെ നാല് ചിത്രങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടിയത്. അദ്ദേഹത്തിന്റെ സിനിമയിലൂടെ എനിക്ക് സംസ്ഥാന അവാർഡും ലഭിച്ചു. അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ വേഷമെന്നും മനോജ് കെ ജയൻ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *