Your Image Description Your Image Description

വയലറ്റ് നിറത്തിലെ കുഞ്ഞുപൂക്കളുമായി വളരുന്ന ഈ ചെടി പുല്ലുകള്‍ക്കും മറ്റും ഇടയില്‍ ധാരാളമായി കണ്ടു വരുന്നു. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ പ്രധാനമായ ചെടിയാണ് ദശപുഷ്പങ്ങളിൽ ഒന്നായ പൂവാംകുരുന്നില. പൂവാംകുരുന്നിലയുടെ ഇലയും വേരും പൂവുമെല്ലാം തന്നെ ചികിത്സകള്‍ക്കായി ഉപയോഗിയ്ക്കുന്നു. യാതൊരു ദോഷവും വരാത്ത ഒരു മരുന്നാണിത്. ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.

പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ് കൂടാതെ കണ്‍മഷി പ്രകൃതിദത്തമായി ഉണ്ടാക്കുന്നതിലും പൂവാംകുരുന്നില ഉപയോഗിയ്ക്കാറുണ്ട്.

ബ്രെയിന്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് ഇതു പ്രതിവിധിയായി ഉപയോഗിയ്ക്കാനാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇതു സമൂലം ഇടിച്ചു പിഴിഞ്ഞു നീരെടുത്തും എണ്ണ കാച്ചി തേച്ചുമെല്ലാം രോഗാവസ്ഥകള്‍ക്കു പരിഹാരമുണ്ടാക്കാം. മുടിയുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് പൂവാംകുരുന്നില.
പൂവാംകുരുന്നിലയുടെ ആരോഗ്യപരമായ ചില വിഷയങ്ങളെ കുറിച്ചറിയൂ,

ശരീരത്തിന്റെ താപനില
ശരീരത്തിന്റെ താപനില, അതായത് ചൂടു കുറയ്ക്കാന്‍ ഏറ്റവും നല്ലൊരു മരുന്നാണിത്. മെനോപോസ് പോലെയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ഇതു കൊണ്ടു തന്നെ ഉണ്ടാകുന്ന ഹോട്ട് ഫ്്‌ളാഷ് പോലെയുള്ള അവസ്ഥകളില്‍ നിന്നും മോചനം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. ഉഷ്ണകാലത്തും ഇത് ഏറെ നല്ലതാണ്.

രക്തശുദ്ധിയ്ക്ക്
രക്തശുദ്ധിയ്ക്ക് ഉപയോഗിയ്ക്കുന്ന ഒരു സസ്യം കൂടിയാണിത്. രക്തത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കൊണ്ടു തന്നെ രക്തസംബന്ധമായി വരുന്ന അസുഖങ്ങള്‍ക്ക് പറ്റിയ നല്ലൊരു മരുന്നാണിത്. ഇതു കൊണ്ടു തന്നെ ചര്‍മാരോഗ്യത്തിനും ഏറെ നല്ലതാണ്.രക്തദോഷം നീക്കാന്‍ ഇതിന്റെ നീരു സേവിയ്ക്കാം. ഇല്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ക്കാം.

പനി
ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട ചരക സംഹിതയില്‍ ജ്വരഹരം, അതായത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ് പൂവാംകുരുന്നില അഥവാ പൂവാംകുറുന്നല്‍ എന്നു പറയാം. മലമ്പനി പോലുള്ള രോഗങ്ങള്‍ക്കു പോലും ഇത് ഏറെ ഫലപ്രദമാണ്. ഇതുണക്കി പൊടിച്ചു ദിവസവും രണ്ടു നേരം അല്‍പം വീതം കഴിയ്ക്കാം.

മൂത്രാശയ സംബന്ധമായ പല രോഗങ്ങള്‍ക്കും
മൂത്രാശയ സംബന്ധമായ പല രോഗങ്ങള്‍ക്കും മൂത്രച്ചൂടിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് പൂവാംകുരുന്നില. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കു നല്ലതാണ്. യൂറിനറി ഇന്‍ഫെക്ഷനുകള്‍ തടയാനും ഇത് ഏറെ നല്ലത്.കിഡ്‌നിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒരു സസ്യം കൂടിയാണ് പൂവാംകുരുന്നില.

തലവേദന
തലവേദന, അഥവാ മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതു മുഴുവനുമായി പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചതച്ച് ഇതിന്റെ നീരെടുക്കാം. ഇത്രയ്ക്കു തന്നെ വെളിച്ചെണ്ണയില്‍ ഇതു കാച്ചി തലയില്‍ തേയ്ക്കാം. ഇത് തലവേദനയ്ക്കു മാത്രമല്ല, കണ്ണിന്റെ കാഴ്ചയ്ക്കും തലനീരിറങ്ങുന്നതിനുമെല്ലാം ഇതേറെ നല്ലതാണ്. മൂക്കില്‍ ദശ വളരുന്നതു തടയാനും ഇതേറെ നല്ലതാണ്.മൂക്കില്‍ ദശ വളരുന്നുവെങ്കില്‍ ഇത് മുക്കുറ്റിയുമായി ചേര്‍ത്ത് അരച്ചു തലയിലിടുന്നതു നല്ലതാണ്. സൈനസ് പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്.

ആന്റിഓക്‌സിഡന്റ്
ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പൂവാംകുരുന്നില. ഇതു സമൂലം ചതച്ചു കിഴി കെട്ടി ചോറു തിളപ്പിയ്ക്കുമ്പോള്‍ ഇതിലിട്ടു തിളപ്പിയ്ക്കുക. പിന്നീട് കഞ്ഞിയാക്കി ഇതില്‍ ഇതു കിഴിയോടെ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് ശരീരത്തിലുണ്ടാകുന്ന ട്യൂമറുകള്‍ പോലുള്ളവയോ മറ്റെന്തെങ്കിലും ഗ്രോത്തുകളോ തടയാന്‍ സഹായിക്കും. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ രോഗം തടയാന്‍ പര്യാപ്തമായ ഒന്നാണ് ഈ സസ്യം. ഗര്‍ഭാശയ മുഴകളും തലയിലെ ട്യൂമറുമെല്ലാം തടയാന്‍ ഇത് ഏറെ നല്ലതാണ്.ഗര്‍ഭാശയ സംബന്ധമായ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്.

വിഷം കളയാന്‍
വിഷം കളയാന്‍ അത്യുത്തമമായതു കൊണ്ടു തന്നെ വിഷ ചികിത്സയില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. തേള്‍ വിഷം, ചിലന്തി വിഷം എന്നിവയ്‌ക്കെല്ലാം ഇതു നല്ലൊരു പരിഹാരമാണ്.

കാഴ്ച
കാഴ്ചയ്ക്കു മാത്രമല്ല, കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്. ഇതിന്റെ ഇലയും പൂക്കളും നല്ലപോലെ ഞെരടി കരടു നീക്കി കണ്ണില്‍ ഒറ്റിയ്ക്കാം. അല്ലെങ്കില്‍ മുലപ്പാലും ചേര്‍ത്ത് ഒഴിയ്ക്കാം.കണ്ണിലെ പഴുപ്പിന് പൂവാകുരുന്നിലയുടെ നീരും തേനും ചേര്‍ത്ത് ഒഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *