പലൻപൂർ: അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയപ്പോൾ ഏഴ് വയസുകാരി മകളെ തട്ടിക്കൊണ്ടു പോയി 3 ലക്ഷം രൂപയ്ക്ക് വില്പന നടത്തി വായ്പ വിതരണക്കാർ. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഡിസംബർ 19നാണ് സംഭവം പുറം ലോകമറിയുന്നത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അർജുൻ നാഥ്, ഷരീഫ, മഹിസാഗർ ജില്ലയിലെ ബാലസിനോർ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.
ഏഴ് വയസുകാരിയുടെ പിതാവിന് അർജുൻ നാഥ് 60000 രൂപ വായ്പ ആയി നൽകിയിരുന്നു. അമിത പലിശയ്ക്ക് നൽകിയ പണം ദിവസ വേതനക്കാരനായ ഇയാൾക്ക് കൃത്യമായി തിരികെ നല്കാൻ കഴിഞ്ഞില്ല. പണം നല്കാൻ വൈകിയതോടെ പ്രതികൾ ഇരട്ടി തുക ആവശ്യപ്പെട്ടു. പിന്നീട് 4 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം ലഭിക്കാൻ സാധ്യതയില്ലെന്ന് മനസിലായതോടെ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച ഇവർ മുദ്രപത്രങ്ങളിൽ ഒപ്പിട്ട് വാങ്ങി.
തുടർന്ന് കുട്ടിയെ തട്ടി കൊണ്ടുപോവുകയായിരുന്നു. രാജസ്ഥാനിലെ അജ്മീർ സ്വദേശിക്കാണ് ഇവർ കുട്ടിയെ വിറ്റത്. കുട്ടിയുടെ പിതാവ് നേരിട്ട് കോടതിയിലെത്തി കേസ് കൊടുക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.