Your Image Description Your Image Description
Your Image Alt Text

രാഷ്ട്രീയത്തില്‍ ഒരിക്കലും ഒന്നും ഒന്നും രണ്ടല്ല. അവിടെ തന്ത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഗതി നിര്‍ണ്ണയിക്കുക. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഭരണം മാറുമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിച്ച് പിണറായി സര്‍ക്കാറിന് ഭരണ തുടര്‍ച്ച ലഭിച്ചതും ഇത്തരം തന്ത്രങ്ങളുടെ ഭാഗമാണ്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെല്ലുവിളിക്കും പ്രകോപനങ്ങള്‍ക്കും എതിരെ സര്‍ക്കാരും എസ്.എഫ്.ഐയും സ്വീകരിച്ചതും തന്ത്രപരമായ നിലപാടാണ്. ഗവര്‍ണ്ണറുടെ പ്രകോപനത്തില്‍പ്പെട്ടു പോകാതെ തന്നെ കൃത്യമായി പ്രതിഷേധം ഉയര്‍ത്തുക എന്ന ഇടതുപക്ഷ നയമാണ് ഇവിടെ നടപ്പാക്കപ്പെട്ടിരിക്കുന്നത്.

തനിക്കെതിരെ ആക്രമണം വിളിച്ചു വരുത്തി സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യാമെന്ന ഗവര്‍ണ്ണറുടെ അജണ്ടയാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ചാനലുകളിലൂടെ എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച ഗവര്‍ണ്ണര്‍ക്ക് എന്നിട്ടു പോലും എസ്.എഫ്.ഐയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യം വന്നിട്ടില്ല. എസ്.എഫ്.ഐക്കാരെ തേടി ഗവര്‍ണ്ണര്‍ ഇ.എം.എസ് ചെയറിലെത്തി എന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ എന്തു കൊണ്ടാണ് ഗവര്‍ണ്ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന്റെ ഏതാനും മീറ്റര്‍ അകലെ പൊലീസ് തടഞ്ഞിട്ട എസ്.എഫ്.ഐ ക്കാരുടെ അരികിലേക്ക് അദ്ദേഹം വരാതിരുന്നത് എന്ന ചോദ്യമാണ് ആദ്യം ഉയര്‍ത്തേണ്ടത്.

ഗവര്‍ണ്ണര്‍ വീരശൂര പരാക്രമി ആയിരുന്നു എങ്കില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് എസ്.എഫ്.ഐക്കാരോട് മുഖാമുഖം വരണമായിരുന്നു. അതു പക്ഷേ സംഭവിച്ചിട്ടില്ല. മാത്രമല്ല സെമിനാര്‍ കഴിഞ്ഞ ഉടനെ തന്നെ നിശ്ചയിച്ച സമയത്തിനും എത്രയോ മുന്‍പ് വിമാന താവളത്തിലേക്ക് പറക്കുകയാണ് അദ്ദേഹം ചെയ്തത്. വിമാനതാവളത്തിലേക്ക് പോകും വഴിയും തിരുവനതപുരത്ത് ലാന്‍ഡ് ചെയ്ത് രാജ്ഭവനിലേക്ക് മടങ്ങുമ്പോഴും നിരവധി കരിങ്കൊടി പ്രതിഷേധമാണ് ഗവര്‍ണ്ണര്‍ക്കെതിരെ അരങ്ങേറിയിരിക്കുന്നത്. അതുകൊണ്ട് ഇനി കരിങ്കൊടി പ്രതിഷേധം കണ്ടിട്ടില്ലന്ന അദ്ദേഹത്തിന്റെ വാദം ഒരിക്കലും വിലപ്പോവുകയില്ല

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐക്കാര്‍ വിളിച്ച ഓരോ മുദ്രാവാക്യവും ഗവര്‍ണ്ണറെ ചുട്ടുപൊള്ളിക്കുന്നത് തന്നെയാണ്. അതു കൊണ്ടാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ കലിതുള്ളി പ്രതിഷേധിച്ചിരിക്കുന്നത്. സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ ഇരുന്ന് എസ്.എഫ്.ഐ പ്രതിഷേധം കണ്ട ഗവര്‍ണ്ണര്‍ പ്രതിഷേധക്കാരുടെ അടുത്തേക്ക് പോയിരുന്നു എങ്കില്‍ എന്താണ് സംഭവിക്കുക എന്നത് ഏറ്റവും നന്നായി അറിയാവുന്നതും ആരിഫ് മുഹമ്മദ് ഖാന് മാത്രമാണ്.

ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത് എന്നതു മാത്രമാണ് എസ്.എഫ്.ഐക്കു മുന്നിലുണ്ടായിരുന്ന ഏക തടസ്സം അതു കൊണ്ടാണ് മുന്‍പ് ഒരു സമരത്തിലും സ്വീകരിക്കാത്ത സംയമനം അവര്‍ പാലിച്ചത്. പൊലീസ് വലയം ഭേദിച്ച് മുന്നേറിയ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചപ്പോഴും ആ സംയമനം എസ്.എഫ്.ഐ പിന്തുടര്‍ന്നു എന്നത് രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തിയ കാഴ്ചയാണ്. സംസ്ഥാന സര്‍ക്കാറിന് ഒരു പ്രതിസന്ധിയുണ്ടാക്കാന്‍ എസ്.എഫ്.ഐ ഒരു ഘട്ടത്തില്‍ പോലും ശ്രമിച്ചിട്ടില്ല.

അതേസമയം യു.ഡി.എഫ് ഭരണമാണ് കേരളത്തില്‍ നടക്കുന്നതെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥ എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. എസ്.എഫ്.ഐക്കാരെ മുഖ്യമന്ത്രിയാണ് പറഞ്ഞ് വിട്ടതെന്ന് പറയുന്ന ഗവര്‍ണ്ണര്‍ ജനങ്ങളുടെ സാമാന്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്. ഗവര്‍ണ്ണര്‍ രാജ്ഭവനില്‍ നിന്നും പുറത്തിറങ്ങേണ്ടതില്ല എന്ന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറോ ഇടതു പാര്‍ട്ടികളോ തീരുമാനിച്ചാല്‍ ഒരിക്കലും ഗവര്‍ണ്ണര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുകയില്ല. ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചു വിട്ടാല്‍ അതും ഇടതുപക്ഷത്തിനാണ് രാഷ്ട്രീയമായി ഗുണം ചെയ്യുക.

കാലിക്കറ്റ് – കേരള സര്‍വ്വകലാശാലകളിലെ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകി കയറ്റിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്കെതിരെയാണ് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സംഘടനകള്‍ രംഗത്ത് വന്നിരുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ ഇടതുപക്ഷ നേതാക്കളും ശക്തമായാണ് ഗവര്‍ണ്ണറുടെ വഴിവിട്ട നോമിനേഷനെ ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധ കൊടി ഉയര്‍ത്താന്‍ ഒരു പ്രതിപക്ഷ സംഘടനകള്‍ക്കും കഴിഞ്ഞിട്ടില്ല.

ഗവര്‍ണ്ണറുടെ നടപടിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തുമ്പോള്‍ ലീഗ് അദ്ധ്യക്ഷന്റെ മകന്റെ വിവാഹ ചടങ്ങില്‍ ഗവര്‍ണ്ണര്‍ക്ക് ബിരിയാണി വിളമ്പുന്ന അവസ്ഥയാണുണ്ടായത്. ഇക്കാര്യം മുന്‍ നിര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ വലിയ രൂപത്തിലുള്ള അറ്റാക്കാണ് യു.ഡി.എഫ് സംഘടനകള്‍ നിലവില്‍ നേരിടുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തോട് പരമ്പരാഗതമായി മുഖം തിരിക്കുന്ന മത വിഭാഗങ്ങള്‍ക്കിടയില്‍ പോലും വലിയ രൂപത്തിലുള്ള സ്വീകാര്യത പിടിച്ചു പറ്റാന്‍ ഗവര്‍ണ്ണര്‍ക്കെതിരായ പ്രതിഷേധം വഴി ഒരുക്കിയിട്ടുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവര്‍ണ്ണര്‍ – സര്‍ക്കാര്‍ പോര് ഇനിയും കടുക്കാനാണ് സാധ്യത. ഗവര്‍ണ്ണര്‍ക്കെതിരെ കൂടുതല്‍ ശക്തയായ പ്രതിഷേധത്തിനാണ് എസ്.എഫ്.ഐയും ഒരുങ്ങുന്നത്. ഗവര്‍ണ്ണറെ സംഘിഗവര്‍ണ്ണറെന്നു വിളിക്കുന്നതു തന്നെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ട വ്യക്തമാക്കുന്നതാണ്. മതന്യൂനപക്ഷങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന കേരള രാഷ്ട്രീയത്തില്‍ ഈ പോരാട്ടം ഇടതുപക്ഷത്തിനാണ് ആത്യന്തികമായി ഗുണം ചെയ്യാന്‍ പോകുന്നത്. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ് .

Leave a Reply

Your email address will not be published. Required fields are marked *