Your Image Description Your Image Description

ന്യൂയോർക്: ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനേയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിക്കുന്നത് ഇനിയും വൈകുമെന്ന് സൂചന. നാസ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം 2025 ഫെബ്രുവരിയിൽ ഇരുവരെയും തിരികെ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ മാര്‍ച്ചിനുശേഷം മാത്രമേ ബഹിരാകാശ യാത്രികർക്ക് തിരികെയെത്താൻ കഴിയുകയുള്ളൂ. ഒരു പുതിയ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിനുള്ള തയ്യാറെടുപ്പുകളാണ് രക്ഷാദൗത്യത്തിൻ്റെ കാലതാമസത്തിന് കാരണമെന്നാണ് നാസ നൽകുന്ന വിശദീകരണം. “ഒരു പുതിയ ബഹിരാകാശ പേടകത്തിൻ്റെ നിർമാണം, അസംബ്ലി, ടെസ്റ്റിങ് എന്നിവ വളരെ ശ്രമകരമായ ഒന്നാണ്. അത് വിശദമായിതന്നെ ശ്രദ്ധിക്കേണ്ടതുണ്ട്” – നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മേധാവി സ്റ്റീവ് സ്റ്റിച്ച് പറയുന്നു.

നിലവിൽ സുനിതയുടെയും സുഹൃത്തിന്റെയും ബഹിരാകാശ ജീവിതം 6 മാസം പിന്നിട്ടു. ഈ വർഷം ജൂൺ 5ന് എട്ട് ദിവസത്തെ ദൗത്യത്തിനാണു സുനിതയും ബുച്ചറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ ഇവരുടെ പേടകമായ ബോയിങ്ങിൻ്റെ സ്റ്റാർലൈനറിന് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് ബഹിരാകാശ യാത്രികരുടെ മടങ്ങിവരവിന് തിരിച്ചടിയായത്.സെപ്റ്റംബറിൽ ബഹിരാകാശ യാത്രികരെ കൂട്ടാതെ സ്റ്റാര്‍ലൈനര്‍ മാത്രം നാസ ഭൂമിയിലേക്ക് തിരികെ എത്തിച്ചിരുന്നു. ഇനി നാസ ഇലോൺ മസ്‌കിന്റെ സഹായം തേടുമെന്ന് വ്യക്തമാക്കിയിരുന്നു. മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴിയായിരിക്കും രക്ഷാദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *