Your Image Description Your Image Description
Your Image Alt Text

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി . കേരള യൂണിവേഴ്സിറ്റി സെനറ്റ് നാമനിര്‍ദേശവുമായി ബന്ധപ്പെട്ടു കെ. സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സംഘപരിവാറിന് അനുകൂലമാണെന്നു ആരോപിച്ചുകൊണ്ടാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്.

സുധാകരന്‍ സ്ഥിരമായി എതിരാളികള്‍ക്ക് ആയുധം നല്‍കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട് . സുധാകരനെ ന്യായീകരിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തുവന്നുവെങ്കിലും ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത് . ഇതിനിടെയാണ് സുധാകരന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്.

കെ.പി.സി.സി. പ്രസിഡന്റാകുന്നതിന് മുന്‍പും അതിനുശേഷവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളാണ് സുധാകരന്‍ സ്വീകരിക്കുന്നതെന്നാണ് പല മുതിർന്ന നേതാക്കളുടെയും ആരോപണം. തനിക്കു തോന്നിയാല്‍ ബി.ജെ.പിക്കൊപ്പം പോകുമെന്ന് നേരത്തെ സുധാകരന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.

എന്നാല്‍ കെ.പി.സി.സി. പ്രസിഡന്റ് ആയശേഷവും അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്കു തിരിച്ചടിയാകുന്നുവെന്ന പരാതിയാണ് പലരും ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് െഹെക്കമാന്‍ഡിന് ചിലര്‍ കത്തും അയച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല സെനറ്റിലേക്കു സംഘപരിവാറുകാരെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറെ അനുകൂലിച്ചാണ് കഴിഞ്ഞദിവസം കെ. സുധാകരന്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. സംഘപരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് പറഞ്ഞ സുധാകരൻ പട്ടികയില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും പട്ടികയിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണെന്നും പറഞ്ഞിരുന്നു.

ഇതോടെ വിഷയം ഏറ്റെടുത്ത് സി.പി.എം. രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയുമായി . എന്നാല്‍ സുധാകരനെ വെട്ടിലാക്കുകയായിരുന്നുവെന്നാണ് സുധാകരനുമായി ബന്ധപ്പെട്ടവർ പറയുന്നത്. സുധാകരൻ സംഘപരിവാറിനെ ന്യായീകരിച്ചിട്ടില്ലെന്നും യോഗ്യതയുള്ളവര്‍ രംഗത്തുവരുന്നതില്‍ എന്താണ് തെറ്റ് എന്ന ഒരു ചോദ്യം ഉന്നയിക്കുക മാത്രമായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നതിന്റെ ഭാഗമായി രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം കെ.പി.സി.സി ഭാരവാഹികളെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ അധ്യക്ഷന്റെ ചുമതല തല്‍ക്കാലം മറ്റാര്‍ക്കും നല്‍കില്ല. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. വിസ ലഭിക്കുന്ന മുറയ്ക്ക് യാത്രയ്ക്കുള്ള തീയതി തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *