Your Image Description Your Image Description

ടെക്‌സസ്: ഹൈവേയിൽ ലാൻഡ് ചെയ്ത ചെറിയ പ്രൊപ്പല്ലർ വിമാനം കാറുകളിലേക്കു ഇടിച്ചു കയറി. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. മൂന്നു കാറുകളുളെ മുകളിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇരട്ട എഞ്ചിൻ പ്രൊപ്പല്ലർ വിമാനം രണ്ടായി പിളർന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽ ചിതറിവീണതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

സൗത്ത് ടെക്സസിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ ലൂപ് 463ൽ വിക്ടോറിയ സിറ്റിയിലാണ് വിമാനം ഇറക്കിയത്. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ഹൈവേയ്ക്ക് മുകളിൽ വളരെ താഴ്ന്ന് പറന്ന വിമാനം റോഡിൽ അപ്രതീക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഈ സമയം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് കാറുകളിലേക്ക് വിമാനം ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളും അപകടശേഷമുള്ള ദൃശ്യങ്ങളും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

പരിക്കേറ്റ മൂന്ന് പേർ അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഒരാളെ വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വലിയ അപകടം സംഭവിക്കാതിരുന്നത് ആശ്വാസകരമാണെന്ന് വിക്ടോറിയ പൊലീസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി പൊലീസ് ചീഫ് എലിൻ മോയ പറഞ്ഞു.

രണ്ട് എഞ്ചിനുകളുള്ള പൈപർ പിഎ-31 വിമാനത്തിൽ അപകടം നടന്ന സമയത്ത് പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ആശ്വാസകരമാണ്. വിമാന വിവരങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ പ്രകാരം രാവിലെ 9.52നാണ് ഈ വിമാനം വിക്ടോറിയ റീജ്യണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്നത്. തകരുന്നതിന് മുമ്പ് 5 മണിക്കൂറോളം വിമാനം പറക്കുകയും ചെയ്തു. വിക്ടോറിയ പോലീസ് ഡിപ്പാർട്മെന്റും ഫെഡറൽ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുകയാണെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *