Your Image Description Your Image Description

എറണാകുളം : സംസ്ഥാനത്തെ നീർച്ചാലുകൾ ജനകീയമായി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുന്നതിന് ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ നടത്തുന്ന ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്റെ ഭാഗമായി കൊച്ചി നഗരസഭയിലെ പുഞ്ചത്തോടിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൊന്നുരുന്നിയിൽ നടന്ന ജനകീയ കൂട്ടായ്മയിൽ മുൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും ജില്ലാ ജഡ്ജിയുമായിരുന്ന പി മോഹനദാസ് നിർവഹിച്ചു.

കൊച്ചി നഗരസഭയിലെ വൈറ്റില, പൊന്നുരുന്നി, തമ്മനം, പാലാരിവട്ടം എന്നീ ഭാഗങ്ങളിലായാണ് പുഞ്ചത്തോട് ഒഴുകുന്നത്. തോട് ഒഴുകുന്ന പ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കൽ, ഭവന സന്ദർശനം, ബോധവത്കരണം, ആരോഗ്യ സർവ്വേ, നിയമബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭ, ഇറിഗേഷൻ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് വീണ്ടെടുക്കൽ പ്രവർത്തനം നടത്തും.

സംസ്ഥാനത്തെ ചെറുതും വലുതുമായ മുഴുവൻ നീർച്ചാലുകളേയും പൂർണ്ണമായും മാലിന്യമുക്തമാക്കി വീണ്ടെടുക്കുകയും തുടർ മലിനീകരണം തടയുകയും ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. തെളിനീരൊഴുകിയിരുന്ന പുഞ്ചത്തോട് നിലവിൽ മാലിന്യം നിറഞ്ഞതാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഒഴുക്കി വിടുന്ന മലിന ജലവും പുഞ്ചതോടിന്റെ ഒഴുക്ക് കുറച്ചു.

നഗരസഭ ഡിവിഷൻ കൗൺസിലർ അഡ്വഃ ദിപിൻ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എസ്. രഞ്ജിനി പദ്ധതി വിശദീകരിച്ചു. സയൻസ് സെൻറർ തുരുത്തിക്കര എക്സിക്യൂട്ടിവ് ഡയറക്ടർ പി എ തങ്കച്ചൻ ബോധവത്കരണ ക്ലാസ് നയിച്ചു. 45-ാം ഡിവിഷൻ കൗൺസിലർ സക്കീർ തമ്മനം, ഹരിതകേരളം മിഷൻ ആർ പി നിസ നിഷാദ്, ഡിവിഷൻ സെക്രട്ടറി ദിലീപ് കുമാർ തുടങ്ങിയവ൪ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *