Your Image Description Your Image Description

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന് കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ട കർണാടക സ്വദേശി മദീനയിലെ പ്രവാചക പള്ളിയിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. മംഗലാപുരം ബജ്‌പെ സ്വദേശി അബ്ദുൽ ഹമീദ് (സലാം, 54) ആണ് മരിച്ചത്. നാട്ടിൽ നിന്ന് സന്ദർശന വിസയിലെത്തിയ ഭാര്യ സീനത്തിനും മകൻ അഹ്‌മദ്‌ അഫ്രീദിനുമൊപ്പം ജുബൈലിലെ യാസീൻ ഉംറ ഗ്രൂപ്പ് വഴിയാണ് അബ്ദുൽ ഹമീദും കുടുംബവും പുറപ്പെട്ടത്.

മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം ജിദ്ദയിലുള്ള മകൾ ഫറാഹത്ത് സുരയ്യയെ സന്ദർശിക്കുകയും ശേഷം മദീനയിലെത്തുകയായിരുന്നു. പ്രവാചകെൻറ ഖബറിനോട് ചേർന്നുള്ള റൗദാ ശരീഫിൽ പ്രാർഥനയിൽ മുഴുകിയിരിക്കുേമ്പാഴാണ് ഹൃദയാഘാതമുണ്ടായത്. ഡ്യൂട്ടി പൊലീസെത്തി ഡോക്ടറെ വിളിച്ചുവരുത്തുകയും പള്ളിക്ക് സമീപമുള്ള സലാമ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖീഇൽ കബറടക്കി. സീനത്ത് ആണ് ഭാര്യ. മക്കൾ: അഹ്‌മദ്‌ അഫ്രീദ്, ഫറാഹത്ത് സുരയ്യ (ജിദ്ദ), ഫാഷ്വത്ത് സുമയ്യ, മരുമക്കൾ: മഖ്‌സൂദ് അലി, മുഹമ്മദ് ഇർഷാദ്.

ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഐ.സി.എഫ് ജുബൈൽ സെൻട്രൽ ഓർഗനൈസേഷൻ പ്രസിഡൻറ് അഷ്‌റഫ് സഖാഫി ചെരുവണ്ണൂർ, അബ്ദു റസാഖ് ഉള്ളാൾ, ഷാജഹാൻ കൊല്ലം (മദീന ഐ.സി.എഫ് വെൽഫെയർ വിങ്) എന്നിവരും മറ്റു ഐ.സി.എഫ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *