Your Image Description Your Image Description

തിരുവനന്തപുരം: ജയിൽശിക്ഷകഴിഞ്ഞിറങ്ങിയ ശേഷം ജീവിക്കാനാവുന്നില്ലെന്ന് പല സ്ത്രീകളും തുറന്നു പറയുകയാണ്. ഭർത്താവും മക്കളുമായി കഴിയുമ്പോഴാണ് മനഃപൂർവ്വമോ അല്ലാതെയോ കുറ്റകൃത്യങ്ങളിൽപ്പെട്ട് മിക്കവരും ജയിലിലായത്. ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്നിറങ്ങിയാൽ ഇവർ ഒറ്റപ്പെടുന്നു, മക്കളാൽപ്പോലും അവഗണന മാത്രം. ജയിൽ ശിക്ഷയേക്കാൾ വേദനയുളവാക്കുന്നതാണ് കുടുംബത്തിൽ നിന്നുണ്ടാകുന്ന അവഗണന. ശിക്ഷകഴിഞ്ഞിട്ടും കുറ്റവാളിയായിത്തന്നെ ജീവിച്ച് കുറ്റവാളിയായിത്തന്നെ മരിക്കാനാണ് വിധിയെന്നും സങ്കടത്തോടെ പറയുകയാണ് സ്ത്രീകൾ.

വനിതാ കമ്മിഷൻ നടത്തിയ പഠനത്തിൽ 2015-നുശേഷം ജയിലിൽനിന്നിറങ്ങിയവരാണ് ഇതുപറയുന്നത്. ഇവരെക്കൂടാതെ മറ്റ് ഏഴുമേഖലയിലെ സ്ത്രീകളെപ്പറ്റിയും വനിതാകമ്മിഷൻ പഠനം നടത്തി.

പൊട്ടിച്ചിതറിയ കുടുംബം, കാമുകന്മാരുടെ ചതി ഇതൊക്കെ ജീവിതം തകർത്തെന്നാണ് ജയിൽവിട്ടവർ പറയുന്നത്. സ്നേഹവും വിദ്യാഭ്യാസവും കിട്ടാത്തതും മാതാപിതാക്കൾക്കിടയിലെ അസ്വാരസ്യവും സാമ്പത്തിക പ്രതിസന്ധിയും വീട്ടിലെ ദുരിതവുമൊക്കെ കുറ്റകൃത്യങ്ങളിലെത്തിച്ചു. ഭർത്താവിന്റെ അവഗണനയിൽ മനംനൊന്ത് മറ്റുബന്ധങ്ങളിൽപ്പെട്ട് ചൂഷണത്തിനിരയായവരാണ് 90 ശതമാനവും. കമ്മിഷൻസമീപിച്ച 50 പേരിൽ 49 പേരും സമൂഹത്തിനു മുഖം നൽകാതെ മറഞ്ഞുനിൽക്കുന്നു. വീട്ടുജോലിപോലും കിട്ടുന്നില്ല. പേരുമാറ്റിയും നാടുവിട്ടും മുൻകാലം മറച്ചുവെച്ചുമാണ് തൊഴിൽതേടുന്നത്. കുടുംബത്തോടൊപ്പം കഴിയുന്നത് ചെറിയ ശതമാനംമാത്രം.

ജയിലിൽനിന്നിറങ്ങിയവർ പറയുന്നത് നല്ലകുടുംബമുണ്ടായിരുന്നെങ്കിൽ തെറ്റുകളിൽ എത്തുമായിരുന്നില്ല. വിദ്യാഭ്യാസമുള്ള സ്ത്രീകളിൽനിന്നുപോലും അവഗണനയാണ്. കുടുംബത്തിനുവേണ്ടി ജയിലിൽപോയിട്ടും വീട്ടുകാരുടെ ഒഴിവാക്കൽ, കുത്തുവാക്ക്, ദേഹോപദ്രവം എന്നിവ ജയിൽശിക്ഷയെക്കാൾ തളർത്തുന്നതാണ്. ഒറ്റപ്പെടൽ നേരിടാൻ, സമാനശിക്ഷയനുഭവിച്ചവരുമായി കൂട്ടുകൂടും. അത് വീണ്ടും കുറ്റകൃത്യങ്ങളിലെത്തിക്കും. കുടുംബശ്രീയിലോ ഗ്രാമസഭയിലോ പങ്കെടുക്കാറില്ല.

അവരെയും ചേർത്ത് നിർത്തുക
സമൂഹം വേർതിരിവു കാട്ടരുത്. ഇവരെക്കൂടി ഉൾക്കൊള്ളാൻ കുടുംബത്തെ പ്രേരിപ്പിക്കണം. ജീവിക്കാൻ സർക്കാർ സഹായിക്കണം. യോഗ്യതയ്ക്കൊത്ത തൊഴിലിന് നയമുണ്ടാക്കണം. ബന്ധുക്കൾ ഏറ്റെടുക്കാത്തവർക്ക് പുനരധിവാസകേന്ദ്രം, തൊഴിൽപരിശീലനം, ജയിലിൽ മനഃശാസ്ത്രജ്ഞന്റെ സേവനം, കുറ്റവാസനയുള്ളവർക്ക് കൗൺസലിങ്, കുടുംബശ്രീ സംരംഭങ്ങളിൽ പങ്കാളിത്തം എന്നിവ വേണം.

Leave a Reply

Your email address will not be published. Required fields are marked *